യുഎന്‍എയില്‍ സാമ്പത്തിക ക്രമക്കേട്: പരാതിയില്‍ തുടരന്വേഷണം - സാമ്പത്തിക തട്ടിപ്പ്
മൂന്ന് കോടിയോളം രൂപ യുഎന്‍എ നേതൃത്വം തിരിമറി നടത്തിയെന്ന് ആരോപിച്ച് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് സിബി മുരുകേഷാണ് പരാതി നൽകിയത്.
തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തും. കേസില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. ക്രൈംബ്രാഞ്ച് ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദ്യം നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേടോ അഴിമതിയോ നടന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത് നല്ലാതിയിരിക്കുമെന്ന ശുപാര്‍ശയോട് കൂടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം നടത്തിയ അന്വേഷണത്തില്‍ തൃപ്തരല്ലെന്നാണ് പരാതിക്കാരുടെ നിലപാട്. ഇതുകൊണ്ട് കൂടിയാണ് തുടരന്വേഷണം തീരുമാനിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഎന്‍എയുടെ സംസ്ഥാന ഭാരവാഹികളില്‍ നിന്നും ജില്ലാ ഭാരവാഹികളില്‍ നിന്നും ട്രഷറര്‍മാരില്‍ നിന്നും നേരിട്ട് മൊഴിയെടുത്തിരുന്നു. കണക്കുകളെല്ലാം വിശദമായി പരിശോധിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഓഡിറ്റിംഗിന് വിധേയമാക്കുന്നത് നല്ലതായിരിക്കുമെന്ന നിലപാടാണ് ആദ്യം അന്വേഷണം നടത്തിയ സംഘം സ്വീകരിച്ചത്.