തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയ തപാൽ വോട്ടുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് യു.ഡി.എഫ്.
എൺപത് വയസിന് മുകളിൽ പ്രായമുള്ളവർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ, കൊവിഡ് ബാധിച്ചവർ, കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്കാണ് തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് അനുവദിച്ചത്. ഇതിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.
തപാൽ വോട്ട് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഉള്ളപ്പോൾ അധികമായി ബാലറ്റ് അടിച്ചത് എന്തിനെന്ന് പരിശോധിക്കണമെന്നതാണ് യു.ഡി.എഫ് പ്രധാനമായും മുന്നോട്ട് വയ്‌ക്കുന്നത്. ഇതിനു പുറമേ അധികമായി അച്ചടിച്ച തപാൽ ബാലറ്റ് ദുരുപയോഗം ചെയ്‌തിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെടും. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. രണ്ടരലക്ഷം തപാൽ ബാലറ്റ് അധികമായി അച്ചടിച്ചതായാണ് വിവരം. കണക്കുകൾ അനുസരിച്ച് 7.5 ലക്ഷം തപാൽ ബാലറ്റ് വേണ്ടയിടത്ത് 10 ലക്ഷം ബാലറ്റ് അച്ചടിച്ചിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും വരണാധികാരികൾ നൽകിയ ഓർഡറനുസരിച്ചാണ് ബാലറ്റുകൾ അച്ചടിച്ചിരിക്കുന്നത്. മൂന്നര ലക്ഷം പേരുടെ വോട്ടുകൾ വീടുകളിലെത്തി തപാൽ വോട്ടിൽ രേഖപ്പെടുത്തി എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ തപാൽ വോട്ടുകൾ രേഖപ്പെടുത്തിയവരുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെടും.