കേരളം

kerala

ETV Bharat / state

Silver Line | 'കെ-റെയില്‍ വേണ്ട, കേരളം മതി'യെന്ന് യു.ഡി.എഫ് ; മൂന്ന് ബദല്‍ പദ്ധതികള്‍ നിര്‍ദേശിച്ച് ലഘുലേഖ - സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം

K Rail | കെ-റെയിലിനെതിരെ യു.ഡി.എഫ് ലഘുലേഖ പുറത്തിറക്കി. 'കെ-റെയില്‍ വേണ്ട കേരളം മതി' എന്ന് മുദ്രാവാക്യം

UDF releases pamphlet against K Rail  Opposition against K Rail Project  കെ റെയിലിനെതിരെ യുഡിഎഫ് ലഘുലേഖ  സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം  കെ റെയില്‍ അപ്രായോഗികമെന്ന് യുഡിഎഫ്
K Rail; 'കെ-റെയില്‍ വേണ്ട കേരളം മതി'യെന്ന് യു.ഡി.എഫ്; മൂന്ന് ബദല്‍ പദ്ധതികള്‍ നിര്‍ദ്ദേശിച്ച് ലഘുലേഖ

By

Published : Jan 6, 2022, 1:05 PM IST

തിരുവനന്തപുരം :അതിവേഗ റെയില്‍പാതാ പദ്ധതിയില്‍ സര്‍ക്കാര്‍-പ്രതിപക്ഷ പോര് അതിരൂക്ഷമാകുന്നതിനിടെ 'കെ-റെയില്‍ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി പ്രതിരോധം തീര്‍ക്കാന്‍ യു.ഡി.എഫ്. കെ-റെയിലിനെതിരെ യു.ഡി.എഫ് പുറത്തിറക്കിയ ലഘുലേഖയിലാണ് പുതിയ മുദ്രാവാക്യം മുന്നോട്ടുവച്ചിരിക്കുന്നത്.

പ്രതിപക്ഷത്തിന്‍റെത് ജനങ്ങളുടെ ശബ്ദമാണ്. ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും ഇതുപോലെ പ്രതിപക്ഷം ശബ്ദമുയര്‍ത്തിയിരുന്നു. നിലവിലെ റെയില്‍വേ സിഗ്നലിംഗ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് ആറ് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്താനാകുന്ന ബദല്‍ പദ്ധതിയുള്ളപ്പോള്‍ കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കുന്നതെന്തിനെന്ന് ലഘുലേഖ ചോദിക്കുന്നു.

നടപ്പാക്കുമെന്നാണ് വാശിയെങ്കില്‍ വിലപ്പോകില്ല

പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് ആവര്‍ത്തിക്കുന്നതിനെയും പ്രതിപക്ഷം വെല്ലുവിളിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി പദ്ധതി നടത്തുമെന്നാണ് പറയുന്നതെങ്കില്‍ നടത്തില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന് പറയാനുള്ളതെന്നും ലഘുലേഖ പറയുന്നു.

Also Read: 'സംഘർഷം ഒഴിവാക്കണം, ധവളപത്രമിറക്കണം' ; കെ റെയില്‍ നാടിന്‍റെ ആവശ്യമാണെന്ന് ജനതയെ ബോധ്യപ്പെടുത്താനാവണമെന്ന് സമസ്‌ത മുഖപത്രം

45 മീറ്റര്‍ ദേശീയപാതാ വികസനത്തിനും ഗെയില്‍ പൈപ്പ് ലൈനിനുമെതിരെ സമരം ചെയ്തവരാണ് സി.പി.എം. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം ആരോപിച്ചിരുന്നവര്‍ അധികാരത്തിലെത്തിയപ്പോള്‍ അദാനിയുടെ വക്താവായി മാറി. പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടപ്പോള്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുപകരം അദാനിക്ക് സമയം നീട്ടിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന ബദലുകള്‍

അപ്രായോഗികവും അശാസ്ത്രീയവുമെന്ന് കണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയാണ് സില്‍വര്‍ലൈന്‍ എന്ന് ലഘുലേഖ വിശദീകരിക്കുന്നു. സില്‍വര്‍ ലൈനിന് ബദലായി മൂന്ന് പദ്ധതികള്‍ യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നു. നിലവിലുള്ള റെയില്‍വേ ലൈനിന്‍റെ വളവുകള്‍ നികത്തി പുതിയ ലൈനുകള്‍ സ്ഥാപിക്കാം.

അതിന് 100 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്താല്‍ മതിയാകും. സിഗ്നലിംഗ് സംവിധാനം ആധുനികവത്കരിക്കുക, പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥാപിക്കുക എന്നതാണ് മറ്റൊന്ന്. കാര്യമായി സ്ഥലം ഏറ്റെടുക്കാതെ 25000 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാം. കാസര്‍കോട്-ഷൊര്‍ണൂര്‍ റൂട്ടിലും എറണാകുളം-തിരുവനന്തപുരം റൂട്ടിലും 120 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുണ്ട്. എന്നാല്‍ ഷൊര്‍ണൂര്‍- എറണാകുളം റൂട്ടില്‍ 80 കിലോമീറ്റര്‍ വേഗതയേയുള്ളൂ.

Also Read: കല്ലുകള്‍ പിഴുതെറിയട്ടെ! പദ്ധതി മുന്നോട്ട് തന്നെ: സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

ഷൊര്‍ണൂര്‍- എറണാകുളം റൂട്ടില്‍ പാത മെച്ചപ്പെടുത്താന്‍ 1500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതുകൂടി പൂര്‍ത്തിയാക്കിയാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 120 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഏഴര മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്നുണ്ട്. സ്‌റ്റോപ്പുകള്‍ കുറച്ചും സിഗ്നലിംഗ് മെച്ചപ്പെടുത്തിയും വേഗത ഇനിയും മെച്ചപ്പെടുത്താം.

ഇതിനുപകരം കെ-റെയിലിനുവേണ്ടി വാശിപിടിക്കുന്നതെന്തിനാണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. 2025 ഓടെ 75 വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാദ്ധ്യതകളും ആരായണമെന്ന് യു.ഡി.എഫ് ലഘുലേഖ നിര്‍ദേശിക്കുന്നു.

ABOUT THE AUTHOR

...view details