തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ യു.ഡി.എഫ് പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പോരെന്ന വിമര്‍ശനവുമായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സമരം കുറച്ചു കൂടി ഊര്‍ജ്വസ്വലമാകണമെന്ന അഭിപ്രായം ലീഗിനുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. ഡിസംബര്‍ മുപ്പത്തിയൊന്നിന് നടക്കുന്ന യു.ഡി.എഫ് യോഗം തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം രാജ്യവ്യാപകമായി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് വേദി പങ്കിട്ടതിലൂടെ സാധിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം; യുഡിഎഫ് പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപോരെന്ന് കെപിഎ മജീദ് - പൗരത്വ ഭേദഗതി നിയമം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വേദി പങ്കിട്ടതിലൂടെ സാധിച്ചിട്ടുണ്ടെന്ന് കെപിഎ മജീദ്
പ്രതിഷേധ സമരങ്ങളില്‍ ചിലര്‍ ഉയര്‍ത്തിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒരു മതവിഭാഗം മാത്രമാണ് സമരം നടത്തുന്നതെന്ന തെറ്റിദ്ധാരണ ഉയര്‍ത്താനിടയാക്കിയിട്ടുണ്ട്. ഇതിനെ ലീഗ് ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത് ബി.ജെ.പിക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. സമരത്തില്‍ ഇന്ത്യയുടെ മതേരത്ത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും അണി ചേര്‍ന്നിട്ടുണ്ട്. ഈ മാസം ഇരുപത്തിയൊമ്പതിന് സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷിയോഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പൊതു സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നാണ് പ്രതീക്ഷ. നിയമത്തില്‍ നിന്ന് കേന്ദ്രം പിന്മാറുന്നത് വരെ ശക്തമായ ബഹുജന സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് കെ പി എ മജീദ് ഇടിവി ഭാരതിനോട് പറഞ്ഞു.