തിരുവനന്തപുരം: രാജ്യ വ്യാപകമായി വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. 27ന് അർധരാത്രി ആരംഭിച്ച പണിമുടക്ക് 29 വൈകിട്ട് 12 മണി വരെ തുടരും. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
മോട്ടോർ വാഹന തൊഴിലാളികൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബർ കോഡ് ബിൽ പിൻവലിക്കുക, പൊതുമേഖലയുടെ സ്വകാര്യവത്കരണം നിർത്തി വയ്ക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ആശുപത്രി, ആംബുലൻസ്, പാൽ, പത്രം, മെഡിക്കൽ സ്റ്റോറിൽ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ആർസിസി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും.
തലസ്ഥാനം സ്‌തംഭിച്ചു: തലസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഭാഗികമായി മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ ആദ്യ മണിക്കൂറുകളിൽ അപൂർവമായി നിരത്തിലിറങ്ങുന്നുണ്ട്.