തിരുവനന്തപുരം: കഴക്കൂട്ടം ആർ.ടി ഓഫിസിൽ വ്യാജ സ്‌കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡ്രൈവിങ് ബാഡ്‌ജ് എടുക്കാൻ സഹായിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുട്ടത്തറ മാണിക്കവിളാകം ആസാദ് നഗർ സ്വദേശികളായ അസീം (29), ഫത്താഹുദ്ദീൻ (52) എന്നിവരാണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്.
വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച രണ്ട് പേർ പിടിയിൽ - വ്യാജ സ്‌കൂൾ സർട്ടിഫിക്കറ്റ്
കഴക്കൂട്ടം ആർ.ടി ഓഫിസിൽ ഡ്രൈവിങ്ങ് ബാഡ്‌ജ് എടുക്കുന്നതിന് വ്യാജ സ്‌കൂൾ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്
കേസിലെ ഒന്നാം പ്രതിയായ റഹീം നേരത്തെ പൊലീസ് പിടിയിലായിരുന്നു. തിരുവനന്തപുരം മഞ്ഞമല സ്വദേശിയായ റഹീം കഴക്കൂട്ടം ആർ.ടി ഓഫിസിൽ ഡ്രൈവിങ്ങ് ബാഡ്‌ജ് എടുക്കുന്നതിന് വ്യാജ സ്‌കൂൾ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിലാണ് അറസ്റ്റിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് 2017ലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചത് പൂന്തുറ സ്വദേശികളായ അസീം, ഫത്താഹുദ്ദീൻ എന്നിവരാണെന്ന് കണ്ടെത്തുകയും ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഫത്താഹുദ്ദീന് സമാന കുറ്റകൃത്യത്തിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അസീമിനെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്‍റ് കമ്മിഷണർ അനിൽകുമാറിൻ്റെ നിർദേശ പ്രകാരം കഴക്കൂട്ടം ഇൻസ്‌പെക്ടര്‍ എസ്.എച്ച്.ഒ ജെഎസ് പ്രവീണിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടര്‍മാരായ സുരേഷ് ബാബു, വിജയകുമാർ, പ്രൊബേഷൻ എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ അരുൺ എസ്.നായർ, സജാദ് ഖാൻ, അൻസിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.