തിരുവനന്തപുരം: മൃഗശാലയിലെ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. കൃഷ്‌ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ നടത്തിയ പരിശോധനയിലാണ് കൃഷ്‌ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. സ്വപ്‌ന സൂസൻ എബ്രഹാം, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറും ഡയറക്‌ടറുമായ ഡോ. എസ് നന്ദകുമാർ, അസിസ്റ്റന്‍റ് ഡയറക്‌ടർ ഡോ. സഞ്‌ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. മനുഷ്യരിലേക്ക് രോഗബാധ ഉണ്ടാകുമോയെന്ന പരിശോധനയും പൂർത്തിയാക്കി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാതിരിക്കാൻ പരിചാരകരും ജീവനക്കാരും മൃഗങ്ങളോട് ഇടപഴകുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് നിർദേശം നൽകിയതായും സൂചനയുണ്ട്.