ടി യു രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് തിരുവനന്തപുരം : മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണൻ. ദേശാഭിമാനി എല്ലാക്കാലത്തും ചെയ്യുന്നതാണിത്. ചാരക്കേസിന്‍റെ കാലത്തും കള്ളപ്രചാരണം നടത്തി.
ഇതിനൊക്കെ ഒത്താശ ചെയ്‌ത് കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും അദ്ദേഹം ആരോപിച്ചു. സുധാകരനെതിരായ വിവാദ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നൽകിയ പരാതിയിൽ പൊലീസ് കെപിസിസി ആസ്ഥാനത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി യു രാധാകൃഷ്‌ണൻ. നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
നടപടി ഗോവിന്ദന്‍റെ വിവാദ പ്രസ്‌താവനയില്‍ : 11.15 ഓടെ കെപിസിസി ആസ്ഥാനത്തെത്തിയ പൊലീസ് അരമണിക്കൂറോളം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. സംഭവത്തിൽ ജൂൺ 21 നാണ് രാധാകൃഷ്‌ണൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മോന്‍സന്‍ മാവുങ്കല്‍ വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചതായാണ് എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
ഇതുസംബന്ധിച്ച് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഉടനെ വിളിപ്പിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം ക്രൈംബ്രാഞ്ച് തള്ളി. മാത്രമല്ല, പോക്‌സോ കേസിൽ അല്ല, തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യാൻ സുധാകരന് നോട്ടിസ് അയച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദനെതിരെ കെപിസിസി നിയമ നടപടി ആരംഭിച്ചത്. കെ സുധാകരനെയും കെപിസിസിയെയും മനപ്പൂർവം താഴ്‌ത്തി കാണിക്കണമെന്നും മാനനഷ്‌ടം വരുത്തണമെന്നും കെപിസിസിക്കെതിരെ കലാപം നടത്തി നാട്ടിലെ സമാധാന അന്തരീക്ഷം നശിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടുകൂടിയാണ് എം വി ഗോവിന്ദൻ പ്രസ്‌താവന നടത്തിയിട്ടുള്ളത് എന്ന് പരാതിയിൽ പറയുന്നു.
also read :MV Govindan | 'മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു' ; അതിജീവിതയുടെ മൊഴിയുണ്ടെന്ന് എംവി ഗോവിന്ദൻ
രൂക്ഷ വിമർശനവുമായി വി.ഡി സതീശനും : കെപിസിസിയ്‌ക്കും കോൺഗ്രസിനും എതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ളതാണ് പ്രസ്‌താവനയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗോവിന്ദൻ്റെ ആരോപണം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പാർട്ടി സെക്രട്ടറി, ആഭ്യന്തര മന്ത്രിയും സൂപ്പർ ഡിജിപിയും ചമയുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
ഗോവിന്ദനും ദേശാഭിമാനിയും പച്ചക്കള്ളമാണ് ആവർത്തിച്ചത്. ഇരുവർക്കും എതിരെ കേസ് എടുക്കണം. എതിരാളികളെ ഇല്ലാതാക്കാൻ എന്തുമാർഗവും സ്വീകരിക്കും എന്നുള്ളതിന്‍റെ തെളിവാണിത്. കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്ന്. സിപിഎം സൈബർ ഗുണ്ടകൾ നടത്തുന്ന ആക്രമണത്തിന് സമാനമായ അതേ നിലവാരമുള്ള പ്രവൃത്തിയാണ് പാർട്ടി സെക്രട്ടറി നടത്തിയതെന്നും പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടത്തുന്ന ഗൂഢാലോചനയാണിതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.