തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാരിന് പ്രതിസന്ധിയില്ലെന്ന് സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം പുരോഗമിക്കുന്നതോടെ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നും പാർട്ടിക്ക് മുഖ്യമന്ത്രിയുടെ വിശദീകരണം. അന്വേഷണം സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല. അന്വേഷണം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. കൂടുതൽ ആളുകൾ വെളിപ്പെടുമ്പോൾ പ്രതിരോധത്തിലാകുക പ്രതിപക്ഷമായിരിക്കുമെന്നും മുഖ്യമന്ത്രി സിപിഎം നേതൃത്വത്തെ അറിയിച്ചു.
കുലുങ്ങാതെ മുഖ്യൻ: പ്രതിസന്ധിയില്ലെന്ന് പാർട്ടിയെ ബോധ്യപ്പെടുത്തി
സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെ ആയുധമാക്കാനുള്ള പ്രതിപക്ഷ നീക്കം ശക്തമാകുന്നതിടെയാണ് അന്വേഷണത്തില്‍ കൂടുതൽ ആളുകൾ വെളിപ്പെടുമ്പോൾ പ്രതിരോധത്തിലാകുക പ്രതിപക്ഷമായിരിക്കുമെന്ന് മുഖ്യമന്ത്രി സിപിഎം നേതൃത്വത്തെ അറിയിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പ്രമുഖ നേതാക്കളുമായി എകെജി സെന്‍ററില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. വിവാദങ്ങളിൽ സിപിഎം കേന്ദ്ര നേതൃത്വവും അതൃപ്തി അറിയിച്ചതോടെയാണ് മുഖ്യമന്ത്രി തന്നെ കാര്യങ്ങൾ നേരിട്ട് വിശദീകരിച്ചത്.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനൊഴികെ മറ്റാർക്കും സ്വർണ്ണ കള്ളക്കടത്തിൽ ബന്ധമുണ്ടാകില്ല. ആരോപണം നേരിടുന്ന ആരും തന്‍റെ ഓഫീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പാർട്ടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആരെയും സംരക്ഷിക്കില്ല, സ്വപ്നയ്ക്ക് ശിവശങ്കറിന്‍റെ നിർദേശമനുസരിച്ച് ഫ്ലാറ്റ് ബുക്ക് ചെയ്ത അരുൺ ബാലചന്ദ്രനെ നീക്കിയതും ഈ സന്ദേശം നൽകാനാണ്. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ സസ്പെൻഡ് ചെയ്യാനും സിപിഎമ്മുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസത്തോടെയുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ്. സ്വപ്നയുടെ മൊബൈൽ രേഖകളില്ലൊന്നും ഭരണപക്ഷത്തുള്ളവർ ഇല്ലാത്തതും സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്. ഭരണ തുടർച്ചയെന്ന ലക്ഷ്യത്തിനായി കൂടുതൽ ക്ഷേമ പദ്ധതികൾക്ക് അടക്കം രൂപം നൽകണമെന്ന നിർദേശവും സർക്കാരിന് സിപിഎം നൽകി.