തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. നാല് ജില്ലകളുടെ അതിർത്തികൾ ഇന്നുമുതൽ അടച്ചിടും. കർശന നിയന്ത്രണങ്ങളാണ് ഇവിടങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. അകത്തേക്കും പുറത്തേക്കും പോകാൻ ഒരു വഴി മാത്രമെ ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലകളിൽ ഉണ്ടാകൂ.
നാല് ജില്ലകളിൽ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ക്ഡൗൺ - covid
നാല് ജില്ലകളിലും കർശന നിയന്ത്രണങ്ങൾ.
ജില്ലകൾക്ക് പുറത്തുനിന്നു വരുന്ന അവശ്യ വിഭാഗക്കാര്‍ക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. വീട്ടുജോലിക്കാർ, ഹോം നഴ്സ് എന്നിവർക്ക് പൊലീസിൻ്റെ ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം. അടിയന്തരഘട്ടങ്ങളിൽ ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ എന്നിവർക്കും പാസുവാങ്ങി യാത്ര ചെയ്യാൻ അനുമതി ഉണ്ടാകും. പലവ്യഞ്ജന കടകൾ, ബേക്കറികൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. പെട്രോൾ പമ്പുകൾ, മരുന്നുകടകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്താം. സാധാരണ ബാങ്കുകൾക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് പ്രവർത്തനാനുമതി.
അതേസമയം ആൾക്കൂട്ടം, മാസ്ക് ധരിക്കാതെ പുറത്തിറങ്ങൽ, അനാവശ്യ യാത്രകൾ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. പതിനായിരം പൊലീസുകാരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ നിയോഗിച്ചിരിക്കുന്നത്. കൂടാതെ സോണുകളായി തിരിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ചുമതലയുണ്ടാകും. ഡ്രോൺ നിരീക്ഷണവും ശക്തമാക്കും. ക്വാറൻ്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജിയോ ഫെൻസിങ്ങ് സാങ്കേതിക വിദ്യയും ഉപയോഗിക്കും. ബാക്കി 10 ജില്ലകളിൽ ലോക്ക്ഡൗൺ കർശനമായി തുടരും.