തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട് നല്‍കി സൈന്യം. പടർന്ന് പിടിച്ച കൊവിഡ് വൈറസിനെ പിടിച്ച് കെട്ടാൻ മുൻനിരയില്‍ നില്‍ക്കുന്ന പോരാളികൾക്ക് ആദരമർപ്പിച്ച് വ്യോമസേന ഫ്ലൈ പാസ്റ്റ് സംഘടിപ്പിച്ചു. രാജ്യമെങ്ങും ഒരേ സമയമാണ് സൈന്യം ഫ്ലൈ പാസ്റ്റ് നടത്തിയത്. ശ്രീനഗർ മുതല്‍ തിരുവനന്തപുരം വരെയാണ് വ്യോമസേന ആകാശത്ത് പുഷ്‌പവൃഷ്ടി നടത്തിയത്.
പനിനീർപ്പൂക്കൾ പെയ്തിറങ്ങി; പോരാളികൾക്ക് സൈന്യത്തിന്‍റെ ആദരം - general hospital
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറുകൾ മൂന്ന് തവണ പുഷ്‌പ വൃഷ്ടി നടത്തി.
സംസ്ഥാന തലസ്ഥാനത്ത് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമാണ് വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറുകൾ മൂന്ന് തവണ പുഷ്‌പ വൃഷ്ടി നടത്തിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് തങ്ങൾക്ക് ലഭിച്ച വിലമതിക്കാൻ കഴിയാത്ത ആദരവാണ് സൈന്യം നല്‍കിയതെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പുഷ്‌പലത പറഞ്ഞു. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സൈന്യത്തിന്‍റെ ആദരവ് ലഭിച്ചതിന്‍റെ സന്തോഷം ആരോഗ്യ പ്രവർത്തകരും മറച്ചു വച്ചില്ല. കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യമെങ്ങുമുള്ളവരെ ഒന്നിച്ച് നിർത്താനുള്ള സൈന്യത്തിന്‍റെ ആദരം ആരോഗ്യ പ്രവർത്തകർക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.