കേരളം

kerala

ETV Bharat / state

Charge sheet mistake | കുറ്റപത്രത്തില്‍ വീഴ്‌ച : കൊലപാതക കേസ് വിചാരണ നിര്‍ത്തിവച്ച് കോടതി - murder case charge sheet

കൊലപാതക കേസിൽ നാലാം പ്രതിയെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചതിൽ വീഴ്‌ച സംഭവിച്ചതിനെ തുടർന്ന് കേസിന്‍റെ വിചാരണ നിർത്തിവച്ചു

Court News  മാപ്പു സാക്ഷി  കുറ്റപത്രത്തില്‍ വീഴ്ച  കൊലക്കേസ് വിചാരണ നിർത്തിവച്ചു  വിചാരണ കോടതി നിര്‍ത്തി വയ്‌ച്ചു  കൊലക്കേസ്  Fall in the charge sheet  Trial court stayed the murder case  murder case charge sheet  murder case
charge sheet mistake

By

Published : Jun 27, 2023, 9:12 PM IST

തിരുവനന്തപുരം : വിചാരണ നടക്കുന്ന കേസിലെ കുറ്റപത്രത്തില്‍ വന്ന ഗുരുതര വീഴ്‌ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കൊലപാതക കേസ് വിചാരണ കോടതി നിര്‍ത്തിവച്ചു. കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചതില്‍ വന്ന വീഴ്‌ച ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്. ആറാം അഡീഷണല്‍ ജില്ല സെന്‍സ് ജഡ്‌ജി കെ. വിഷ്‌ണുവാണ് ഇതുവരെ ഏഴ് സാക്ഷികളെ വിസ്‌തരിച്ച കേസിന്‍റെ വിചാരണ നിര്‍ത്തി വച്ചത്.

പെൺസുഹൃത്തിന് വേണ്ടി യുവാവും കൂട്ടാളികളും സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കിയതിലാണ് സാങ്കേതിക പിഴവ് ചൂണ്ടി കാണിച്ചിട്ടുള്ളത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് വിചാരണ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്. അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസിലെ നാലാം പ്രതിയും കമലേശ്വരം കൊഞ്ചിറവിള നൂര്‍ജി മന്‍സിലില്‍ സജു കേസിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ പാലോട് സി ഐ എസ്. ജയകുമാര്‍ ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സിജിമോള്‍ കുരുവിളയ്‌ക്ക് ഹര്‍ജി നല്‍കി. സി.ജെ.എം പ്രതി സജുവിനെ മാപ്പ് സാക്ഷിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രം ഫയലിൽ സ്വീകരിച്ച നെടുമങ്ങാട് ഫോറസ്‌റ്റ് കേസുകള്‍ വിചാരണ ചെയ്യുന്ന മജിസ്‌ട്രേറ്റ് എഫ്. മിനിമോള്‍ മാപ്പ്‌ സാക്ഷിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ചട്ട പ്രകാരം പ്രസ്‌തുത കോടതി മാപ്പ് സാക്ഷിയെ വിസ്‌തരിച്ച് മൊഴി രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം കുറ്റപത്രം വിചാരണ കോടതിയിലേക്ക് അയക്കേണ്ടത്.

ഈ നടപടിക്രമം പാലിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം, തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയ എം. സുരേഷ് കുമാറും ശ്രദ്ധിച്ചിരുന്നില്ല. സുരേഷ് കുമാര്‍ അപൂര്‍ണമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു. കേസിൽ നിര്‍ണായകമായ മാപ്പ് സാക്ഷിയെ വിസ്‌തരിക്കാന്‍ തുടങ്ങുമ്പോഴാണ് നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവ് പ്രോസിക്യൂഷന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. നിലവിലെ കുറ്റപത്രവുമായി വിചാരണ പൂര്‍ത്തിയായാല്‍ പ്രതികള്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് ചൂണ്ടി കാണിച്ചാണ് പ്രോസിക്യൂട്ടര്‍ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുളളത്.

മാപ്പ് സാക്ഷിയായി പ്രഖ്യാപിക്കുന്നതിലെ സാങ്കേതിക പിഴവ് തിരുത്താന്‍ വിചാരണ കോടതിക്ക് അധികാരമില്ല. ഹൈക്കോടതിയെ ഇക്കാര്യം ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ജനറലിനും കത്ത് നല്‍കി. ഹൈക്കോടതി സാങ്കേതിക പിഴവ് തിരുത്താന്‍ കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കി, നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും വിചാരണ പുനരാരംഭിക്കുക.

കേസിനാസ്‌പദമായ സംഭവം :2017 സെപ്‌റ്റംബര്‍ 27 ന് രാത്രി ഒന്‍പത് മണിക്കാണ് നെടുമങ്ങാട് പഴകുറ്റി ഇളവട്ടം കാര്‍ത്തിക വീട് സ്വദേശി മോഹനന്‍ നായര്‍ കൊല്ലപ്പെടുന്നത്. മണക്കാട് കമലേശ്വരം ആര്യങ്കുഴി സ്വദേശി ഇറച്ചി ഷാജി എന്ന ഷാജഹാന്‍, നെടുമങ്ങാട് ആനാട് ഇളവട്ടം ആശാഭവനില്‍ സീമ വില്‍ഫ്രഡ്, ബീമാ പളളി മില്‍ക്ക് കോളനി സ്വദേശി മുഹമ്മദ് സുബൈര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സീമ വില്‍ഫ്രഡിന് മോഹനന്‍ നായര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ മടക്കി ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

മാപ്പു സാക്ഷി :ക്രിമിനല്‍ കേസില്‍ കൂട്ടുപ്രതിയായ ആള്‍ കോടതിയോടോ അന്വേഷണ ഉദ്യോഗസ്ഥനോടോ താന്‍ കൂടി കൂട്ടാളിയായ കുറ്റകൃത്യത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ തയ്യാറാവുകയും തുടർന്ന് കോടതിയുടെ അനുമതിയോടെ പ്രസ്‌തുത കുറ്റവാളിക്ക് നിയമപരമായി ലഭിക്കുന്ന മാപ്പുമാണ് മാപ്പു സാക്ഷി പട്ടം. മാപ്പ് സാക്ഷിയാകുന്ന ആള്‍ കേസിന്‍റെ വിചാരണയില്‍ ഈ നിലപാടില്‍ നിന്ന് വ്യതിചലിച്ച് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി കൂറുമാറിയാല്‍ പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം ഇയാളെ വീണ്ടും പ്രതിയാക്കും. കുറ്റകൃത്യത്തില്‍ ഉത്തരവാദിത്വമുളള പ്രതി ചെയ്‌ത് പോയ തെറ്റിനോടുളള പശ്ചാത്താപം കൊണ്ടോ ദൃക്‌സാക്ഷികളും സാഹചര്യ തെളിവുകളും ദുര്‍ബലമായ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യപ്രകാരമോ കേസില്‍ മാപ്പ് സാക്ഷിയാകാന്‍ തയ്യാറാകുന്നു.

കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇത്തരം പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥനോട് മാപ്പ് സാക്ഷിയാകാനുളള സന്നദ്ധത അറിയിക്കാന്‍ കഴിയും. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥന്‍ ഹര്‍ജിയായി ജില്ലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കും. ഈ പ്രതിയോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ക്രിമിനല്‍ നടപടിച്ചട്ടം 306 പ്രകാരം അയാള്‍ മാപ്പുസാക്ഷി ആകുന്നതിന്‍റെ ഗുണദോഷങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും.

ശേഷം അയാള്‍ ആദ്യ നിലപാടില്‍ ഉറച്ച് നിന്നാല്‍ പ്രസ്‌തുത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടേണ്ട മജിസ്‌ട്രേറ്റ് കോടതിയോട് ഈ പ്രതിയുടെ മൊഴി രേഖപ്പെടുത്തി വിസ്‌താരം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുന്നു. ഇതിന് ശേഷമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇയാളെ മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ ഇയാളെ പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണയ്ക്കി‌ടെ പ്രതികളില്‍ ആര്‍ക്ക് വേണമെങ്കിലും കോടതിയോട് തങ്ങളെ മാപ്പ് സാക്ഷിയാക്കാന്‍ ആവശ്യപ്പെടാം. വിചാരണ കോടതി ഇത്തരം പ്രതികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തി പ്രതിസ്ഥാനത്ത്നിന്ന് നീക്കം ചെയ്‌ത്‌ കേസിലെ സാക്ഷിയായി വിസ്‌തരിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details