തിരുവനന്തപുരം:ആർസിസിയിൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയതാണ് നെയ്യാറ്റിൻകര സ്വദേശി സ്റ്റീഫൻ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്റ്റീഫന്‍റെ വായ്ക്കുള്ളിൽ രോമങ്ങൾ വളർന്ന് തുടങ്ങി. അർബുദം ബാധിച്ച ചർമം നീക്കി പകരം താടിയിൽ നിന്ന് ചർമം പിടിപ്പിച്ച് ശസ്ത്രക്രിയ നടത്തിയതാണ് ദുരിതത്തിന് കാരണമായത്. വേദന സഹിക്കാൻ വയ്യാതെ ആയതോടെ ചികിത്സിച്ച ഡോക്ടറായ എലിസബത്ത് ഐപ്പിനെ കാണാൻ രോഗി വീണ്ടും തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി. വിവരം ധരിപ്പിച്ചപ്പോൾ മുടി സ്വയം വെട്ടാൻ സാധിക്കുന്നില്ലെങ്കിൽ ബാർബറെ വിളിച്ച് വെട്ടിക്കുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ഉണ്ടായതെന്ന് സ്റ്റീഫൻ പറയുന്നു.
താടിയിലെ ചർമ്മം വായിൽ വെച്ച് പിടിപ്പിച്ചു; വായിൽ രോമം നിറഞ്ഞ് അർബുദരോഗി - ആർസിസിയിൽ ശസ്ത്രക്രിയ
ആശുപത്രിയിലെത്തി വിവരം ധരിപ്പിച്ചപ്പോൾ മുടി സ്വയം വെട്ടാൻ സാധിക്കുന്നില്ലെങ്കിൽ ബാർബറെ വിളിച്ച് വെട്ടിക്കുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ഉണ്ടായത്.
വായിൽ മുടി വളർന്നതോടെ ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഇയാൾ. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടന്ന കൗൺസിലിംഗിൽ തുട ഭാഗത്തുനിന്ന് ചർമ്മമെടുത്ത് അർബുദം സംഭവിച്ചിടത്ത് തുന്നിച്ചേർക്കും എന്നായിരുന്ന പറഞ്ഞത്. എന്നാൽ മുഖത്തു നിന്ന് ചർമ്മം എടുത്താണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് സ്റ്റീഫന്‍റെ ആരോപണം.
തെങ്ങുകയറ്റമായിരുന്നു സ്റ്റീഫന്‍റെ തൊഴിൽ ഇപ്പോൾ അതിനും സാധിക്കുന്നില്ല. തൊഴിലുറപ്പ് തൊഴിലാളിയായ സ്റ്റീഫൻ ഭാര്യ രത്ന ഭായിയുടെ ഏക വരുമാനത്തിലാണ് നിത്യ ചെലവുകൾ കഴിഞ്ഞുപോകുന്നത്. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി പരാതിനൽകാൻ ഒരുങ്ങുകയാണ് സ്റ്റീഫന്‍റെ കുടുംബം.