തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിഇടിച്ച് ഒന്‍പത് പേർ മരിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസിനെ ചുമതലപ്പെടുത്തിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ നേരത്തെ അതത് മോട്ടോര്‍ വാഹനവകുപ്പ് ഓഫിസിനെ അറിയിക്കണമെന്നും മന്ത്രി കർശന നിർദേശം നൽകി. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് നിലവിലെ ദുരന്തത്തിന് കാരണം.
ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണം. സ്‌കൂളുകളിൽ വിനോദസഞ്ചാരം നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങണം. വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടതുള്ളുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീരുമാനിക്കും. അപകടം നടക്കുമ്പോൾ ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.