തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ മുങ്ങി നിൽക്കുന്നതിനിടെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വിദേശ യാത്ര നടത്തുന്നത് വിവാദത്തില്‍. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം മന്ത്രി ഇന്ന് പുലർച്ചെ യാത്ര പുറപ്പെട്ടു. അടുത്ത മാസം അഞ്ചിന് മടങ്ങിയെത്തും. ശമ്പളമില്ലാതെ വലയുന്ന കെഎസ്ആർടിസിയിലെ തൊഴിലാളികളോട് ചർച്ചക്കു പോലും തയ്യാറാകാതെയാണ് മന്ത്രിയുടെ വിദേശയാത്രയെന്ന് തൊഴിലാളി യൂണിയനുകൾ വിമര്‍ശിക്കുന്നു.
മന്ത്രി എ.കെ ശശീന്ദ്രന്‍റെ വിദേശയാത്ര വിവാദത്തിൽ - AK Sasheendran's foreign trip
വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുള്ള എ.കെ ശശീന്ദ്രന്‍റെ യാത്രയാണ് വിവാദത്തിലായത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റെ വിദേശയാത്രക്കെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി
വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക സാങ്കേതിക വിജ്ഞാന സഹകരണം ലക്ഷ്യമാക്കിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നത്. മന്ത്രിമാരായി ഇ.പി ജയരാജനും എ.കെ ശശീന്ദ്രനുമാണ് സംഘത്തിലുള്ളത്. ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവരും സംഘത്തിലുണ്ട്. മാസാവസാനം ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് ഇതുവരെ ലഭിച്ചത്. ഈ സാഹചര്യത്തില്‍ മന്ത്രി വിദേശ യാത്ര നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് ധനമന്ത്രിയുമായി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്ന ചർച്ചയും നടന്നില്ല. സർക്കാർ സഹായത്തിന്‍റെ കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊള്ളാതെയുള്ള മന്ത്രിയുടെ വിദേശയാത്രയിൽ കെഎസ്ആർടിസിയിലെ ഉന്നതരും അതൃപ്‌തിയിലാണ്. പൊതുഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ജൂൺ മാസം ലണ്ടൻ യാത്ര നടത്തിയതിന് പിന്നാലെയാണ് ഈ വർഷം തന്നെ മന്ത്രിയുടെ അടുത്ത വിദേശയാത്ര.