തിരുവനന്തപുരം:നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പി.ടി തോമസ് എം.എൽ.എ. ഒന്നര ലക്ഷം നെൽകര്‍ഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് മില്ലുകൾക്ക് നൽകി തിരികെ വാങ്ങുന്ന അരിയുടെ അനുപാതം കുറച്ചത് കോടികളുടെ അഴിമതിയാണെന്ന് പി.ടി തോമസ് ആരോപിച്ചു.
നെല്ല് സംഭരണത്തില്‍ അഴിമതി ആരോപണവുമായി പി.ടി തോമസ്
ഒരു കിൻ്റൽ നെല്ല് മില്ലില്‍ നൽകിയാൽ 68 കിലോഗ്രാം അരിയാണ് സർക്കാരിന് തിരികെ നൽകേണ്ടത്. ഇത് 64.5 ആയി സംസ്ഥാന സർക്കാർ കുറച്ചു. കോടികളുടെ അഴിമതിയാണ് നെല്ല് സംഭരണത്തില്‍ നടക്കുന്നതെന്നും പി.ടി തോമസ് ആരോപിച്ചു
ഒരു കിൻ്റൽ നെല്ല് മില്ലില്‍ നൽകിയാൽ 68 കിലോഗ്രാം അരിയാണ് സർക്കാറിന് തിരികെ നൽകേണ്ടത്. ഇത് 64.5 ആയി സംസ്ഥാന സർക്കാർ കുറച്ചു. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെയാണ് ഈ നടപടി. 50 ഓളം വൻകിട മില്ലുകൾക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ അഴിമതി നടത്തുകയാണ്. പ്രതിവർഷം 73 കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നത്. കൊവിഡ് കാലം... അഴിമതി കാലം, സർക്കാർ ഒപ്പമുണ്ട്. ഇതാണ് ഇടത് സർക്കാറിൻ്റെ നില. അഴിമതി ഉത്സവമായി മാറുകയാണ്. സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറക്കുടയാൽ മുഖം മറച്ചേ പുറത്തിറങ്ങാൻ കഴിയുവെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. മന്ത്രിമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിധേയന്മാരും തൊമ്മിമാരും ആകുകയാണ്. ഈ ഇടപാട് സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉന്നയിച്ച ആരോപണം ഉണ്ടയില്ല വെടിയെന്നാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനമുള്ളതാണെന്നും കൊള്ളേണ്ടിടത്ത് അത് കൊണ്ടിട്ടുണ്ടെന്നും ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പി.ടി തോമസ് പറഞ്ഞു. ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കണം. ഇതൊന്നും നടന്നില്ലെങ്കില്‍ തനിക്ക് പൊലീസ് തൊപ്പിയും ലാത്തിയും തന്നാല്‍ അന്വേഷിച്ച് കണ്ടെത്താമെന്നും പി. ടി തോമസ് പറഞ്ഞു.