തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നാളെ പൊതു സ്ഥലങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഇല്ല. തിരുവനന്തപുരത്ത് ക്ഷേത്രങ്ങളിൽ ഓൺലൈൻ സംവിധാനത്തിലൂടെ കർമ്മങ്ങൾ ബുക്ക് ചെയ്തത് നടത്താം. ക്ഷേത്രങ്ങളിലെത്തി കർമ്മങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സമൂഹ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ നടത്തണമെന്നാണ് സർക്കാർ നിർദേശം. ആളുകൾ കൂട്ടം കൂടുന്ന തരത്തിൽ കർക്കടക വാവുബലി ചടങ്ങുകൾ നടത്തരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്.
പൊതു സ്ഥലങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഇല്ല
ക്ഷേത്രങ്ങളിലെത്തി കർമ്മങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്
ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശമുണ്ട്. തിരുവനന്തപുരം ജില്ലയിൽ ബലിതർപ്പണ ചടങ്ങുകൾ പ്രധാനമായി നടക്കുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണ ബലിതർപ്പണ ചടങ്ങുകൾ ഇല്ല. തിലഹോമം, കൂട്ട നമസ്കാരം എന്നിങ്ങനെ ക്ഷേത്രത്തിനുള്ളിൽ ഒതുങ്ങുന്ന ചടങ്ങുകൾ മാത്രമേ നടക്കൂ. ഓൺലൈൻ വഴി 2,000ത്തോളം ബലിതർപ്പണ ബുക്കിങ്ങുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. ഓൺലൈൻ ബുക്കിങ് നടത്തിയവർ ക്ഷേത്രത്തിലേക്ക് എത്താൻ പാടില്ല. ശാന്തിമാർ കർമ്മങ്ങൾ നടത്തും. വർക്കല പാപനാശം , ശിവഗിരി എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി.