തിരുവനന്തപുരം : തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പറന്ന വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. പറന്നുയര്‍ന്ന് ഏകദേശം അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടുകയായിരുന്നു.
സന്ദേശം കിട്ടിയ ഉടന്‍ തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി നല്‍കി. പിന്നാലെ വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ സാഹചര്യങ്ങളും നേരിടാന്‍ വിമാനത്താവളം സര്‍വ്വ സജ്ജമാക്കി.
തുടര്‍ന്ന് ഉച്ചയ്ക്ക് 12.01 ഓടെ വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എഎക്‌സ്ബി 613 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത്. വൈകിട്ട് 3.38ന് ഷാര്‍ജയിലെത്തേണ്ട വിമാനമാണ് ഇത്.
ലാന്‍ഡിങ് ഗിയറില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിമാനത്തിലുണ്ടായിരുന്ന 161 യാത്രക്കാരും സുരക്ഷിതരാണെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഈ സംഭവം നടക്കുന്നതിനിടെ തിരുവനന്തപുരത്തുനിന്നും ബഹറിനിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയിലേക്ക് പുറപ്പെടുമ്പോള്‍ തന്നെ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. റണ്‍വേയിലേക്ക് കയറാനായി യാത്ര തുടങ്ങിയപ്പോള്‍ വിമാനത്തിന്‍റെ മുന്‍ഭാഗത്തുനിന്നും ശബ്‌ദം കേള്‍ക്കുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് റണ്‍വേയിലേക്ക് പ്രവേശിക്കാതെ യാത്ര അവസാനിപ്പിച്ച് യാത്രികരെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി.
രാവിലെ 11.06 മണിയോടെയായിരുന്നു സംഭവം. ഐഎക്‌സ് 573 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്ര റദ്ദാക്കിയത്. ഈ വിമാനത്തില്‍ 180 യാത്രക്കാരുണ്ടായിരുന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങളുടെ അറ്റകുറ്റ പണി നടത്തുന്നതിനുള്ള യാര്‍ഡ് ഉണ്ട്. തകരാര്‍ കണ്ടെത്തിയ രണ്ട് വിമാനങ്ങളെയും എയര്‍ ഇന്ത്യ അധികൃതര്‍ ഈ യാര്‍ഡിലേക്ക് മാറ്റി.
സോണിയയും രാഹുലും സഞ്ചരിച്ച വിമാനം താഴെയിറക്കി:ജൂലൈ 18ന് ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുണ്ടായി. ഭോപ്പാല്‍ രാജാഭോജ് വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം. ന്യൂഡല്‍ഹിയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.
സാങ്കേതിക തകരാറാണ് വിമാനത്തിന്‍റെ അപ്രതീക്ഷിത ലാന്‍ഡിങ്ങിലേക്ക് നയിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ വനിത കമ്മിഷൻ അധ്യക്ഷയുമായ ശോഭ ഓസ പറഞ്ഞു. സംഭവത്തിന് പിന്നാലെ ശോഭ ഓസ, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചോരി, എംഎൽഎമാരായ പി സി ശർമ, ആരിഫ് മസൂദ്, കുനാൽ ചൗധരി എന്നിവർ വിമാനത്താവളത്തിലെത്തി സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചു.
അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ഭോപ്പാല്‍ രാജാഭോജ് എയർപോർട്ട് ഡയറക്‌ടർ റാംജി അവസ്‌തിയും രംഗത്തെത്തിയിരുന്നു. പ്രയോറിറ്റി ലാന്‍ഡിങ് ആണ് നടത്തിയതെന്ന് റാംജി അവസ്‌തി പറഞ്ഞു.