കേരളം

kerala

ETV Bharat / state

വ്യാജ കള്ള് നിര്‍മാതാക്കള്‍ക്ക് വേണ്ടി സ്ഥലം മാറ്റി; പി.ശശിക്കെതിരെ ടിക്കറാം മീണ - kerala latest news

തോല്‍ക്കില്ല ഞാന്‍ എന്ന പേരിലിറക്കുന്ന ആത്മകഥയിലാണ് പി.ശശിക്കെതിരെ ടിക്കറാം മീണ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്

tikkaram meena ias biography  തോല്‍ക്കില്ല ഞാന്‍ ആത്മകഥ  ടിക്കറാം മീണ ആത്മകഥ  tikkaram meena on political secretary p sasi  kerala latest news  പി.ശശിക്കെതിരെ വിമർശനവുമായി ടിക്കറാം മീണ
ടിക്കറാം മീണ

By

Published : Apr 30, 2022, 12:54 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടിക്കറാം മീണ ഐഎഎസിന്‍റെ ആത്മ കഥ. തൃശൂര്‍ കലക്‌ടറായി ജോലി ചെയ്യുന്നതിനിടെ വ്യാജകള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്‍റെ പേരില്‍ പി.ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് വെളിപ്പെടുത്തല്‍. തോല്‍ക്കില്ല ഞാന്‍ എന്ന പേരിലിറക്കുന്ന ആത്മകഥയിലാണ് പി.ശശിക്കെതിരെ ടിക്കറാം മീണ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് പറഞ്ഞതായും ആത്മകഥയിൽ പറയുന്നു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ല പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനും ശ്രമമുണ്ടായി. തൃശൂരില്‍ നിന്നും വയനാട്ടിലേക്ക് സ്ഥലം മാറിയെത്തിയപ്പോള്‍ ശശിയുടെ നേതൃത്വത്തില്‍ പ്രതികാര നടപടികള്‍ തുടര്‍ന്നെന്നും ആത്മകഥയിലുണ്ട്.

നിര്‍മ്മിതി കേന്ദ്രത്തിന്‍റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തില്‍ സസ്‌പെന്‍ഡ് ചെയ്‌തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് പി.ശശിയെന്നാണ് ആത്മകഥയില്‍ പറയുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി.

എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശമെന്ന് തനിക്കായി വാദിച്ചവരോട് ഇകെ നായനാര്‍ തന്നെ പറഞ്ഞെന്നാണ് ആത്മകഥയിൽ വ്യക്തമാക്കുന്നത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്‌തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ ആത്മകഥയില്‍ പറയുന്നത്.

രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്‍റെ പേരില്‍ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരന്‍ സര്‍ക്കാരിന്‍റെ കാലത്ത്, സിവില്‍ സപ്ലൈസ് ഡയറക്‌ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്‌തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സര്‍വീസില്‍ മോശം കമന്‍റെഴുതി. മോശം പരാമര്‍ശം പിന്‍വലിപ്പിക്കാന്‍, പിന്നീട് മുഖ്യമന്ത്രിയായ എകെ ആന്‍റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലന്നും ആത്മകഥയിൽ പറയുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എംകെ രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്‌തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം. കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങള്‍ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന. പുസ്‌തകം തിങ്കളാഴ്‌ച രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.

ABOUT THE AUTHOR

...view details