കേരളം

kerala

ETV Bharat / state

തൃക്കാക്കരയില്‍ ട്വന്‍റി 20 വോട്ടെങ്ങോട്ട്? തങ്ങള്‍ക്കനുകൂലമെന്ന് അവകാശപ്പെട്ട് മുന്നണികള്‍

2021ന് സമാനമായ ശക്തമായ ത്രികോണം മത്സരം സൃഷ്‌ടിക്കാനാണ് ട്വിന്‍റി 20 ആപ്പുമായി ചേര്‍ന്ന് തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്നതാണ് ഉചിതമെന്ന് ആപ്പ് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയതോടെ ആപ്പ്-ട്വിന്‍റി 20 സഹകരണ നീക്കം ഉപേക്ഷിക്കപ്പെട്ടു.

thrikkakara by election twenty 20 party vote  thrikkakara bypolls AAP twenty 20  vd satheeshan supports twenty 20  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ട്വന്‍റി 20  ട്വന്‍റി 20 ആം ആദ്‌മി പാർട്ടി തൃക്കാക്കര  തൃക്കാക്കര ട്വന്‍റി 20 വോട്ട്
തൃക്കാക്കരയില്‍ ട്വന്‍റി 20 വോട്ടെങ്ങോട്ട്? തങ്ങള്‍ക്കനുകൂലമെന്ന് അവകാശപ്പെട്ട് മുന്നണികള്‍

By

Published : May 10, 2022, 2:49 PM IST

തിരുവനന്തപുരം:ആം ആദ്‌മി പാര്‍ട്ടിയുമായി ചേര്‍ന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിന് തയ്യാറെടുത്ത ട്വന്‍റി 20യുടെ പിന്‍മാറ്റം ഒരുപോലെ മുന്നണികളുടെ മനം കുളിര്‍പ്പിക്കുന്നുണ്ടെങ്കിലും വോട്ട് ആര്‍ക്ക് മറിയും എന്ന ആശങ്ക മൂന്നു മുന്നണികളിലും സൃഷ്‌ടിക്കുന്ന അങ്കലാപ്പും ചില്ലറയല്ല. കഴിഞ്ഞ ദിവസം വരെ ട്വന്‍റി 20 വിരുദ്ധനായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ പാര്‍ട്ടി ചെയര്‍മാന്‍ സാബു ജേക്കബിനെ പിന്തുണച്ച് ആദ്യം രംഗത്തു വന്നു. ഒരു വ്യവസായിക്ക് കേരളത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ വ്യവസായ സ്ഥാപനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യം സൃഷ്‌ടിക്കരുതെന്ന് തന്നെയാണ് തന്‍റെ അഭിപ്രായം എന്നായിരുന്നു സതീശന്‍റെ പരാമര്‍ശം.

പിന്നാലെ സാബു ജേക്കബിന്‍റെ കിറ്റെക്‌സ് പ്രവര്‍ത്തിക്കുന്ന കിഴക്കമ്പലം ഉള്‍പ്പെട്ട കുന്നത്തുനാട് എം.എല്‍.എയും കടുത്ത സാബു ജേക്കബ് വിമര്‍ശകനുമായ പി.വി ശ്രീനിജന്‍ സതീശനെതിരെ രംഗത്തു വന്നു. സതീശനും സാബു ജേക്കബും തമ്മില്‍ രഹസ്യ ബാന്ധവമെന്നായി ശ്രീനിജന്‍റെ ആരോപണം. ഇതാണ് ട്വന്‍റി 20ക്ക് സ്ഥാനാര്‍ഥി ഇല്ലാതെ പോയതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഈ പ്രസ്‌താവനയിലൂടെ ട്വന്‍റി 20 വോട്ട് പൂര്‍ണമായി യുഡിഎഫിനു ലഭിക്കുന്ന സാഹചര്യം മനസിലാക്കിയ സിപിഎം ശ്രീനിജന്‍റെ പ്രസ്‌താവനയിലെ അപകടം മണത്തു. എറണാകുളം ജില്ലയുടെ മര്‍മമറിയുന്ന മന്ത്രി പി.രാജീവ് ശ്രീനിജനെ കൈയോടെ തള്ളി. കഴിഞ്ഞ തവണ പാര്‍ട്ടി സ്വതന്ത്രനെ മത്സരിപ്പിച്ചതിലുള്ള അമര്‍ഷത്തില്‍ ട്വന്‍റി 20ക്ക് വോട്ട് ചെയ്‌ത പാര്‍ട്ടി അണികള്‍ ഇത്തവണ നിലപാട് തിരുത്തി എല്‍ഡിഎഫിന് വോട്ടു ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് രാജീവ് പറഞ്ഞു.

എന്നാല്‍ ആം ആദ്‌മിയായാലും ട്വന്‍റി 20 ആയാലും അവരുടെ വോട്ടുകള്‍ സമാഹരിക്കുന്നത് ഭരണ വര്‍ഗത്തിനെതിരാണെന്നും അതിനാല്‍ കേരളം മാറി മാറി ഭരിച്ച ഇരു മുന്നണികള്‍ക്കുമെതിരായി തങ്ങള്‍ക്കായിരിക്കും ഇതിന്‍റെ ഗുണഫലമെന്നും ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്‌ണന്‍ പറയുന്നു. 2021ല്‍ ട്വന്‍റി 20ക്കും കിറ്റെക്‌സിനുമെതിരെ ശക്തമായ നിലപാടെടുത്തിരുന്ന പി.ടി തോമസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്വന്‍റി 20 തൃക്കാക്കരയില്‍ മത്സരിച്ചത്. 13,897 വോട്ടുകള്‍ നേടി യുഡിഎഫ് കോട്ടയില്‍ ശക്തമായ മത്സരം കാഴ്‌ചവയ്ക്കാന്‍ അവര്‍ക്കായി.

എന്നാല്‍ പി.ടി തോമസിനോടുള്ള വിരോധം അദ്ദേഹത്തിന്‍റെ ഭാര്യയോട് സാബു ജേക്കബിനില്ലെന്ന കാര്യം എൽഡിഎഫിനും ബിജെപിക്കും അറിയാം. കിറ്റെക്‌സിനെതിരായ സര്‍ക്കാര്‍ നിലപാടിന്‍റെ പേരില്‍ സാബു ജേക്കബ് എല്‍ഡിഎഫിനോട് നീരസത്തിലുമാണ്. എങ്കിലും കഴിഞ്ഞ തവണ സ്വരൂപിച്ച അത്രയും വോട്ട് സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ സ്വരൂപിക്കാനായില്ലെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാബുവിനാകുമെന്ന് എല്ലാ മുന്നണികള്‍ക്കുമറിയാം. തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ നിര്‍ണായകവുമാണ്.

മെയ് 15ന് കിഴക്കമ്പലം കിറ്റെക്‌സ് മൈതാനത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കുന്ന കിറ്റെക്‌സ്-ട്വന്‍റി 20 സംയുക്ത റാലിയില്‍ തൃക്കാക്കര നിലപാട് വ്യക്തമാക്കിയേക്കും. ഒരുപക്ഷേ 2021നു സമാനമായ ശക്തമായ ത്രികോണം മത്സരം സൃഷ്‌ടിക്കാനാണ് ട്വിന്‍റി 20 ആപ്പുമായി ചേര്‍ന്ന് തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിനിറങ്ങി കരുത്തു കാട്ടുന്നതിനു പകരം പൊതു തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്നതാണ് ഉചിതമെന്നായിരുന്നു ആപ്പ് കേരള ഘടകം നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. ഇതോടെയാണ് ആപ്പ്-ട്വിന്‍റി 20 സഹകരണ നീക്കം ഉപേക്ഷിക്കപ്പെട്ടത്. എന്നാല്‍ ട്വിന്‍റി 20യുമായി ചേര്‍ന്ന് കേരളത്തില്‍ ഒരു നാലാം ബദലിനുള്ള ആപ്പിന്‍റെ മോഹം പൂവണിയുമോ എന്ന് കണ്ടു തന്നെ അറിയണം.

ABOUT THE AUTHOR

...view details