തിരുവനന്തപുരം:മ്യൂസിയത്തിന് സമീപം പ്രഭാത നടത്തത്തിനിടെ യുവതിക്ക് ലൈംഗികാതിക്രമം നേരിട്ട സംഭവത്തിലെ അന്വേഷണം ഇനി പ്രത്യേക അന്വേഷണ സംഘത്തിന്. മ്യൂസിയം ആക്രമണത്തിലെ തുടര്‍ അന്വേഷണങ്ങള്‍ക്കായി കന്‍റോൺമെന്‍റ് അസിസ്‌റ്റന്‍റ് കമ്മീഷണർ ദില്‍ രാജ് അന്വേഷണ ഉദ്യോഗസ്ഥനായുള്ള പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. അന്വേഷണ സംഘത്തിന് ഡിസിപി അജിത്ത് കുമാർ മേൽനോട്ടം വഹിക്കും.
അതേസമയം തനിക്കു നേരെ ആക്രമണമുണ്ടായി നാലു ദിവസം പിന്നിട്ടിട്ടും മ്യൂസിയം പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് കുറ്റപ്പെടുത്തി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒന്നര മാസം മുൻപ് കുറവന്‍കോണത്ത് മോഷണശ്രമത്തിനായി വീടിനകത്ത് കടക്കാൻ ശ്രമിച്ച അജ്‌ഞാതനുമായി ഈ അക്രമിക്ക് സാമ്യമുണ്ടെന്ന വാദം പൊലീസ് തള്ളി. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം ആക്രമണമുണ്ടായി നാലു ദിവസമായിട്ടും മ്യൂസിയം പൊലീസില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിക്കുകയോ തന്നില്‍ നിന്ന് എന്തെങ്കിലും വിവരം അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും യുവതി ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. തിരുവനന്തപുരം ഡിസിപി ഇടപെട്ട ശേഷം മാത്രമാണ് എഫ്ഐആറില്‍ ജാമ്യമില്ല വകുപ്പ് പോലും ചേര്‍ത്തതെന്ന് അറിയിച്ച ഇവര്‍ നിലവില്‍ വിളിച്ചാല്‍ എസ്ഐ ഫോണ്‍ പോലും എടുക്കാറില്ലെന്നും യുവതി കുറ്റപ്പെടുത്തിയിരുന്നു.
സംഭവത്തിനു ശേഷം രാവിലെ നാലു മണിക്കുള്ള നടത്തം നിര്‍ത്തിയെന്നും ഇപ്പോള്‍ പുലര്‍ച്ചെ നാലുമണിക്കിറങ്ങി പ്രതി എത്തുന്നുണ്ടോ എന്നു കണ്ടെത്തുന്ന ജോലി സ്വയം ഏറ്റെടുത്തിരിക്കുകയാണെന്നും ഇവര്‍ പ്രതികരിച്ചു. മ്യൂസിയം പരിസരത്ത് എവിടെയൊക്കെ സിസിടിവി ക്യാമറകളുണ്ടെന്ന് ചിത്രം സഹിതം മ്യൂസിയം പൊലീസിന് അയച്ചു കൊടുത്തുവെന്നും കടകളില്‍ താന്‍ തന്നെ കയറിയിറങ്ങി സിസിടിവിയുണ്ടോ എന്ന് കണ്ടെത്തി ആ വിവരവും പൊലീസിനെ അറിയിച്ചുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
Also read:'പൊലീസിന്‍റെ പണി കൂടി ചെയ്‌തു, എന്നിട്ടും നീതി കിട്ടിയില്ല'; പ്രഭാത നടത്തത്തിനിടെ ലൈംഗികാതിക്രമം നേരിട്ട യുവതി ഇടിവി ഭാരതിനോട്