തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്‌സുമാർ സൂചന സമരം നടത്തി. ഡ്യൂട്ടി ഓഫ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സുമാരുടെ പ്രതിഷേധം - nurses' protection
ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സുമാരുടെ പ്രതിഷേധം
പത്ത് ദിവസം ജോലിക്ക് ശേഷം മൂന്ന് ദിവസം അവധി എന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ട് ഇറക്കിയ ഉത്തരവില്‍ ഇത് ആറ് ദിവസത്തെ ജോലിക്കു ശേഷം ഒരു ദിവസം മാത്രം അവധി എന്ന നിലയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു നഴ്‌സുമാർ സൂചന സമരം നടത്തിയത്. അധിക ജോലി ഭാരം, ആവശ്യമായ വിശ്രമം ലഭിക്കുന്നില്ല എന്നിവയാണ് നഴ്‌സുമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. മെഡിക്കല്‍ കോളജില്‍ ഉൾപ്പെടെ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇത് ജോലി ഭാരം വർധിപ്പിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇടത് അനുകൂല സംഘടനയായ കേരള ഗവണ്‍മെന്‍റ് നഴ്‌സസ് അസോസിയേഷനും പ്രതിഷേധത്തില്‍ പങ്കാളികളായായി.
സൂപ്രണ്ട് ചര്‍ച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്. ഉത്തരവിന്‍റെ കോപ്പി പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്‌തു. തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് നഴ്‌സുമാരുടെ തീരുമാനം.