തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ മുൻ കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്‌ണൻ അറസ്റ്റിൽ. കൊച്ചിയിലെ സിബിഐ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒക്ടോബർ മുതൽ രാധാകൃഷ്‌ണൻ ഒളിവിലായിരുന്നു. രാധാകൃഷ്‌ണൻ അടക്കമുള്ള പ്രതികൾക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും അന്വേഷണം നടത്തിവരികയായിരുന്നു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; മുൻ കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്‌ണൻ അറസ്റ്റിൽ - Customs Superintendent B. Radhakrishnan arrested
രാധാകൃഷ്‌ണൻ പിടിയിലാകുന്നതോടെ സ്വർണക്കടത്ത് കേസിലെ ദുരൂഹതയുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
കേസില്‍ ബി. രാധാകൃഷ്‌ണന്‍റെ പങ്കിനെക്കുറിച്ച് സിബിഐ പ്രത്യേകം കേസെടുത്ത് അന്വേഷണം തുടങ്ങുകയും അദ്ദേഹത്തിന്‍റെ വീട്ടിലെത്തി നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വരുന്നതിനിടെയാണ് നാടകീയമായി രാധാകൃഷ്‌ണനെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം അറസ്റ്റു ചെയ്‌തതിനാൽ ഒരുവർഷത്തോളം രാധാകൃഷ്‌ണന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. രാധാകൃഷ്‌ണനെ തനിക്ക് പരിചയപ്പെടുത്തിയത് ബാലഭാസ്‌കറാണെന്ന് വിഷ്‌ണു സോമസുസന്ദരം ഡിആർഐയ്ക്ക് മൊഴി നൽകിയിരുന്നു. രാധാകൃഷ്‌ണൻ പിടിയിലാകുന്നതോടെ സ്വർണക്കടത്ത് കേസിലെ ദുരൂഹതയുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂജപ്പുര ജയിലെത്തിയാകും ബി.രാധാകൃഷ്‌ണനെ ഇനി സി.ബി.ഐ ചോദ്യം ചെയ്യുക.