തിരുവനന്തപുരം : ഷോക്കേറ്റ കാക്കയ്ക്ക് പുതുജീവൻ നൽകി കുട്ടിയമ്മ. കൊല്ലം ജില്ലയിലെ പുനലൂർ ആരംപുന്നയിലാണ് 68കാരി മനുഷ്യ സ്‌നേഹത്തിന്‍റെ കരുതല്‍ മാതൃകയായത്. വൈദ്യുത കമ്പിയിൽ നിന്ന് വീണ് നിലത്ത് പിടഞ്ഞ കാക്കയ്ക്ക് ഏറെ നേരെ വെള്ളം നൽകിയായിരുന്നു കുട്ടിയമ്മയുടെ രക്ഷാപ്രവർത്തനം.
കാക്കക്കൂട്ടത്തിന്‍റെ കലപില കേട്ടാണ് കുട്ടിയമ്മ പുറത്തേക്കെത്തുന്നത്. പരിസരം നിരീക്ഷിച്ചതോടെ കാര്യം പിടികിട്ടി. ഷോക്കേറ്റ് കാക്ക നിലത്ത് പിടയുന്നതിന്‍റെ നിലവിളിയാണ് പുറത്ത്. റോഡിലൂടെ നിരവധി പേർ പോകുന്നുണ്ടെങ്കിലും നമുക്കെന്ത് കാക്ക എന്ന മുഖഭാവം. പിന്നെ മടിച്ചില്ല ഒരു ചെറിയ തൊട്ടിയിൽ വെള്ളവുമായി കുട്ടിയമ്മ രക്ഷാപ്രവർത്തനത്തിനിറങ്ങി. ആദ്യം പിടയുന്ന ജീവനെ കൈയിൽ കോരിയെടുത്തു.
ഷോക്കേറ്റ കാക്കയ്ക്ക് പുതുജീവൻ നൽകി 68കാരി കുട്ടിയമ്മ ഒന്ന് തലോടി വെള്ളം കൊടുത്തത്തോടെ, അറ്റുപോകുമായിരുന്ന ജീവൻ തിരികെ പിടിച്ചെന്ന് ശബ്ദത്തിലൂടെ കാക്കയുടെ മറുപടി. പിന്നാലെ ചിറകുവിരിച്ച് പറക്കാൻ ശ്രമം. എന്നാൽ കുതിച്ചുപൊങ്ങാൻ സാധിക്കാതായതോടെ വീണ്ടും നിസ്സഹായാവസ്ഥ. പക്ഷേ കുട്ടിയമ്മ തളർന്നില്ല, കാക്കയും. വീണ്ടും കൈക്കുമ്പിളിൽ കോരി വെള്ളം കൊടുത്തു. കിട്ടിയതൊക്കെ ആർത്തിയോടെ കുടിച്ച് കാക്കയുടെ പൂർണ സഹകരണം.
ഏറെ നേരത്തെ കുട്ടിയമ്മയുടെ ശ്രമം ഒടുവില്‍ വിജയം കണ്ടു. നിറയെ വെള്ളം കിട്ടിയതോടെ കാക്ക ഉഷാർ. ആദ്യം ഒന്ന് നടന്നു നോക്കി. കുട്ടിയമ്മയുടെ പിന്തുണകൂടിയായതോടെ നടത്തത്തിനും വേഗത ഏറി. ചിറകുകള്‍ക്ക് കൂടി ശക്തിവച്ചതോടെ ശബ്ദമുണ്ടാക്കി നന്ദി പറഞ്ഞ് മാനത്തേക്കും സ്വാതന്ത്ര്യത്തിലേക്കും. തൊട്ടിയുമേന്തി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുട്ടിയമ്മയുടെ മുഖത്തും ഹൃദയത്തിലും സ്നേഹവായ്‌പിന്‍റെ നിറ സന്തോഷം.