തിരുവനന്തപുരം:നഗരസഭ റോഡ് വാടകയ്‌ക്ക് നൽകിയ നടപടി വിവാദത്തിൽ. എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് കോര്‍പറേഷന്‍ പാർക്കിങ് അനുവദിക്കുകയായിരുന്നു. റോഡ് സുരക്ഷാ നിയമപ്രകാരം, റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റെ നടപടി.
എംജി റോഡ് 5000 രൂപയ്ക്ക് വാടകയ്‌ക്ക് നൽകിയ മേയറുടെ നടപടി വിവാദത്തില്‍ ; റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ് - എംജി റോഡ് 5000 രൂപയ്ക്ക് വാടകയ്‌ക്ക് നൽകി
എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച തിരുവനന്തപുരം കോർപറേഷന്‍റെ നടപടി വിവാദത്തില്‍
മാസം 5000 രൂപ വാടക ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് നഗരസഭ വാടകയ്ക്ക് നൽകിയത്. എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി.
റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. പൊതുമരാമത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകയ്‌ക്ക് നൽകിയതാണോയെന്നാണ് പരിശോധിക്കുന്നത്.