തിരുവനന്തപുരം: നഗരസഭയിലെ നിയമന ശുപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും. കത്ത് നിർമിച്ചത് നഗരസഭയിൽ നിന്നാണോ എന്ന് കണ്ടെത്താനാണ് കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി എടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്‍റെയും സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും മൊഴി ഉടൻ രേഖപ്പെടുത്തും. കമ്പ്യുട്ടറുകളും പരിശോധിക്കും.
എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മേയറുടെയും നഗരസഭ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്നും തുടരും.