തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച സുരേഷിന്‍റെ മരണകാരണം പൊലീസ് മര്‍ദനമല്ല ഹൃദയാഘാതമാണെന്ന പൊലീസ് വാദം പൊളിയുന്നു. ക്രൂരമായ പൊലീസ് മര്‍ദനം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് സംശയ നിഴലിലായി.
സുരേഷിന്‍റെ ശരീരത്തില്‍ 12 ചതവുകള്‍ കണ്ടെത്തിയെന്നും ഇത് മരണ കാരണമായ ഹൃദയാഘാതത്തിന് ആക്കം കൂട്ടിയിരിക്കാമെന്നുമാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ചതവുകള്‍ എങ്ങനെ സംഭവിച്ചുവെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.
അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷന് ഉടന്‍ കൈമാറുന്ന റിപ്പോര്‍ട്ടില്‍ ചതവുകള്‍ എങ്ങനെയുണ്ടായി എന്ന കാര്യം വ്യക്തമാക്കുമെന്നാണ് സൂചന. താടിയെല്ലിനു താഴെ കഴുത്തിനു വലതുവശത്ത്, കഴുത്തിനു മുന്നില്‍ ഇടതു വശത്ത്, വലതു തുടയുടെ പിന്‍ഭാഗത്ത്, മുതുകില്‍ മുകളിലും താഴെയും ഇടത്തും വലത്തുമായി 6 സ്ഥലത്തുമുള്‍പ്പെടെ 12 ചതവുകളാണുള്ളത്.