തിരുവനന്തപുരം: സഭാതർക്കം പരിഹരിക്കുന്നതിന് ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി നടത്തിയ മൂന്നാംഘട്ട ചർച്ചയും ഫലം കണ്ടില്ല. മുൻ നിലപാടുകളിൽ ഇരു വിഭാഗവും ഉറച്ചു നിന്നതോടെയാണ് ചർച്ച ഫലം കാണാതെ പിരിഞ്ഞത്. സഭാതർക്ക പരിഹാരത്തിന് മുഖ്യമന്ത്രി ഇനി യോഗം വിളിക്കില്ല. ഇരു വിഭാഗങ്ങൾ തമ്മിൽ തുടർ ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. യോജിപ്പിന്‍റെ മേഖലകൾ കണ്ടെത്താനായിരുന്നു ചർച്ച. അതേസമയം യോജിച്ചു പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് യാക്കോബായ സഭ വ്യക്തമാക്കി.
സഭാതർക്കം; മൂന്നാംഘട്ട ചർച്ചയും ഫലം കണ്ടില്ല
മുൻ നിലപാടുകളിൽ ഇരു വിഭാഗവും ഉറച്ചു നിന്നതോടെയാണ് ചർച്ച ഫലം കാണാതെ പിരിഞ്ഞത്
മുഖ്യമന്ത്രി സമവായത്തിന് ഇനി യോഗം വിളിക്കില്ലെങ്കിലും സഭകൾ തമ്മിലുള്ള തുടർ ചർച്ചകളിൽ ഒരാളെ വീതം സർക്കാരിനോട് നിർദേശിക്കാം. കോടതി വിധി നടപ്പാക്കിക്കൊണ്ടു മാത്രം മറ്റു വിഷയങ്ങളിൽ യാക്കോബായ വിഭാഗവുമായി ചർച്ചയാകാമെന്ന് ഓർത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി. യോജിച്ച് പ്രവർത്തിക്കുന്നതിനായി യാക്കോബായ വിഭാഗത്തിന് കൂടുതൽ സമയം വേണമെങ്കിൽ അതാകാം. അതേസമയം കോടതി വിധി അനുസരിക്കാതെ മുന്നോട്ടുപോകുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും അതിന് തങ്ങൾ ഉത്തരവാദികളല്ലെന്നുമാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്.
ഇരുവിഭാഗങ്ങളും തമ്മിൽ സൗഹൃദപരമായ നിലപാട് ഉണ്ടാകണമെന്നാണ് സർക്കാർ നിർദേശം. സംഘർഷങ്ങളും രക്തച്ചൊരിച്ചിലും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്ഥിതിഗതികളിൽ വലിയ പുരോഗതി ഉണ്ടായതായും സർക്കാർ കണക്കുകൂട്ടുന്നുണ്ട്.