തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തുംകാലയിൽ മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തി. കാട്ടാക്കട അമ്പലത്തുംകാല കാഞ്ഞിരംവിള വീട്ടിൽ സംഗീത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്വന്തം സ്ഥലത്തെ മണ്ണ് കടത്തുന്നത് ചോദ്യം ചെയ്‌ത സംഗീതിനെ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാര ആവശ്യത്തിനായി പുറത്ത് പോയിരുന്ന സമയത്താണ് മണ്ണ് മാഫിയകൾ മണ്ണ് കടത്താൻ ശ്രമിച്ചത്. രണ്ട് ടിപ്പറും ജെസിബിയുമായി എത്തിയ സംഘം മണ്ണ് എടുക്കുകയായിരുന്നു.
മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്നു
മണ്ണ് മാഫിയയെ ചോദ്യം ചെയ്‌ത സംഗീതിനെ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കീഴാറ്റൂർ പാലത്തിന്‍റെ നിർമ്മാണത്തിന് പിഡബ്ല്യുഡിയും ചെടി വിത്തുകൾ മുളപ്പിക്കാൻ വനംവകുപ്പും സംഗീതത്തിന്‍റെ പുരയിടത്തിനു സമീപത്തുനിന്ന് മണ്ണെടുത്തിരുന്നു. ഇവരായിരിക്കും മണ്ണെടുക്കാൻ വന്നതെന്നായിരുന്നു വീട്ടുകാർ ആദ്യം വിചാരിച്ചത്. എന്നാൽ സംഗീതിന്‍റെ ഭാര്യ സംഗീത ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു മാഫിയയുടെ ആക്രമണം.
പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇയാളുടെ വാരിയെല്ല് പൂർണമായും തകർന്നുവെന്നാണ് വിവരം. മണ്ണെടുക്കാൻ എത്തിച്ച വാഹനങ്ങൾ ചെമ്പകോട് സ്വദേശി ഉത്തമന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. കാട്ടാക്കട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.