തിരുവനന്തപുരം:സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ സമരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും സമരമുഖത്തുനിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് യു.ഡി.എഫും ബി.ജെ.പിയും. ജലീല്‍ രാജിവയ്ക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറില്ലെന്നുറപ്പിച്ച് യു.ഡി.എഫും ബി.ജെ.പിയും - ramesh chennithala
ജലീല്‍ രാജിവയ്ക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന് ജലീലിനെതിരായ സമരത്തെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍.
രാജ്യദ്രോഹ കുറ്റം അന്വേഷിക്കുന്ന എന്‍.ഐ.എ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരം വസ്‌തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ്. അഴിമതിക്കെതിരായുള്ളതാണ് യു.ഡി.എഫ് സമരമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ രണ്ടാം വിമോചന സമരം എന്ന സി.പി.എം ആരോപണത്തെയും ചെന്നിത്തല പുച്ഛിച്ചു തള്ളി. ഈച്ചയെക്കൊല്ലാന്‍ തോക്കെടുക്കേണ്ട കാര്യമില്ലെന്നും നാലുമാസം കഴിയുമ്പോള്‍ ജനങ്ങള്‍ ഈ സര്‍ക്കാരിനെ താഴെയിറക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.
5000 പേരെ കൂട്ടി വെഞ്ഞാറമൂട്ടില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ശവഘോഷയാത്ര നടത്തിയ സി.പി.എമ്മിന് ജലീലിനെതിരായ സമരത്തെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ പറഞ്ഞു. സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടാമെന്ന സര്‍ക്കാരിന്‍റെ വ്യാമോഹം നടക്കില്ല. സി.പി.എം ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും സമരക്കാര്‍ക്കെതിരെ തെരുവിലിറക്കുകയാണ്. കോടതി വിധി സമ്പാദിച്ച് സമരങ്ങളെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരരംഗത്തുനിന്ന് ബി.ജെ.പിയെ പിന്തിരിപ്പിക്കാമെന്ന് കരുതരുത്. ജലീല്‍ രാജി വയ്ക്കുന്നതില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ജലീല്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.