കേരളം

kerala

ETV Bharat / state

തടങ്കൽ പാളയവുമായി ബന്ധപ്പെട്ട പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

തടങ്കല്‍ പാളയത്തിന്‍റെ നിര്‍മാണം 2012 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് തുടങ്ങിവച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്

CAA  CAB  തടങ്കല്‍ പാളയങ്ങള്‍  ചെന്നിത്തല  മുഖ്യമന്ത്രി  യു ഡി എഫ് സര്‍ക്കാർ
തടങ്കൽ പാളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതിന് തുല്യം

By

Published : Dec 27, 2019, 7:52 PM IST

തിരുവനന്തപുരം:തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കാന്‍ യുഡിഎഫ് സര്‍ക്കാരാണ് നടപടി തുടങ്ങിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് ബിജെപി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്‍റെ ഭാഗമായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും അതില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമാണ്. ഈ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിസ- പാസ്പോര്‍ട്ട് കാലവധി കഴിഞ്ഞിട്ടും സംസ്ഥാനത്ത് തുടരുന്നവര്‍, കുറ്റകൃത്യങ്ങള്‍ ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ശിക്ഷാ കാലാവധി പൂര്‍ത്തിയാവുകയും ചെയ്ത വിദേശ പൗരന്‍മാര്‍ കാലാവധി തീര്‍ന്നിട്ടും ജയിലില്‍ തുടരുന്ന സാഹചര്യം എന്നിവ ഉണ്ടായിരുന്നു. അവരുടെ രാജ്യത്തെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലവും പേപ്പറുകള്‍ ശരിയാകാത്തതും മൂലവുമാണ് ശിക്ഷ കഴിഞ്ഞിട്ടും അവര്‍ക്ക് ജയില്‍ തുടരേണ്ടി വന്നത്. അങ്ങനെ വന്നപ്പോള്‍ അവരെ ജയിലില്‍ പാര്‍പ്പിക്കാതെ കെയര്‍ഹോമുകളിലേക്ക് മാറ്റാന്‍ അന്നത്തെ സര്‍ക്കാര്‍ തിരുമാനിച്ചു. അഭ്യന്തര വകുപ്പില്‍ നിന്ന് മാറി സാമൂഹ്യ നീതി വകുപ്പിനെ ആ ചുമതല ഏല്‍പ്പിച്ചതും ശ്രദ്ധയും പരിചരണവും പുതിയൊരു അന്തരീക്ഷവും ലഭിക്കാനുള്ള കെയര്‍ ഹോമുകള്‍ രൂപീകരിക്കുക എന്നത് മുന്നില്‍ കണ്ടുകൊണ്ടാണ്. ഈ പദ്ധതിയാണ് യുഡിഎഫ് നടപ്പിലാക്കാന്‍ ശ്രമിച്ചതും. എന്നാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായതിന് ശേഷം മതപരമായ വിവേചനം മുന്‍ നിര്‍ത്തി പൗരത്വ നിയമം ഭേദഗതി ചെയ്യുകയും ഒരു മതവിഭാഗം മാത്രം പൗരത്വത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും കരുതല്‍ തടങ്കലിലാവുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി. ജയിലില്‍ നിന്ന് മോചിതരായവരെ കെയര്‍ഹോമുകളില്‍ താമസിപ്പിക്കുന്നതും പൗരത്വം റദ്ദ് ചെയ്ത് ഒരു മത വിഭാഗത്തെ മാത്രം കരുതല്‍ തടങ്കല്‍ പാളയത്തിലേക്ക് മാറ്റുന്നതും താരതമ്യം ചെയ്യുന്നത് ദുഷ്ടലാക്കോടെയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details