തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഡ്രൈഡേയിൽ മാറ്റമില്ലാതെയും പബ്ബുകൾക്കും ബ്രൂവറികൾക്കും അനുമതി നല്‍കാതെയുമാണ് സര്‍ക്കാര്‍ പുതിയ മദ്യനയം പുറത്തിറക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവാദമാകാവുന്ന തീരുമാനങ്ങൾ ഒഴിവാക്കിയാണ് സർക്കാർ മദ്യനയത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കേണ്ട മദ്യനയത്തിന്‍റെ കരടിനാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. അജണ്ടക്ക് പുറത്ത് നിന്നുള്ള വിഷയമായാണ് മദ്യനയത്തെ മന്ത്രിസഭ പരിഗണിച്ചത്.
നിലവിലെ മദ്യനയത്തിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടില്ല. എന്നാൽ അബ്കാരി ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഒന്നാം തിയ്യതിയുള്ള ഡ്രൈഡേയ്ക്ക് മാറ്റമില്ല. ടൂറിസം മേഖലയിൽ നിന്നടക്കമുള്ള ഡ്രൈഡേ മാറ്റണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല. സംസ്ഥാനത്ത് പബ്ബുകൾക്കും ബ്രൂവറികൾക്കും മദ്യനയത്തിൽ അനുമതിയില്ല. പബ്ബുകൾ തുറക്കുന്നത് സർക്കാറിന്‍റെ ആലോചനയിൽ ഉണ്ടായിരുന്ന കാര്യമാണ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവാദ തീരുമാനം വേണ്ടെന്നാണ് ധാരണ. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് തീരുമാനം. ബ്രൂവറികളുടെ കാര്യത്തിലും സർക്കാർ നിലപാട് തന്നെയാണ് മദ്യനയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങളും ബ്രൂവറികളും അനുവദിക്കാൻ നേരത്തെ സർക്കാർ തീരുമാനമെടുത്തിരുന്നെങ്കിലും അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വർഷത്തിൽ ഇനിയൊരു വിവാദം സർക്കാർ ആഗ്രഹിക്കുന്നില്ല.
അബ്കാരി ഫീസിൽ വർദ്ധനവ് വരുത്താനും മദ്യനയത്തിൽ തീരുമാനിച്ചു. പുതിയ നയപ്രകാരം എഫ്.എല്‍ -3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ധിക്കും. എഫ്.എല്‍ 4-എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാകും. എഫ്.എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാകും. ബ്രൂവറി ടൈ-അപ്പ് ഫീസിലും ഇരട്ടി വർദ്ധനവ് വരും. ഡിസ്റ്റിലറി ആന്‍റ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷം രൂപയാകും. ക്ലബുകളുടെ വാർഷിക ലൈസൻസ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ക്ലബ്ബുകളുടെ ഭാരവാഹികള്‍ മാറുമ്പോൾ ഫീസ് ഈടാക്കുന്നതാണ് ഒഴിവാക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്ക് ബാർ ലൈസന്‍സുണ്ട്. ഭാരവാഹികള്‍ മാറുമ്പോള്‍ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഫീസ് ഒഴിവാക്കുന്നത്.
അബ്കാരി ഫീസിൽ വർദ്ധനവ് വരുത്താനും മദ്യ നയത്തിൽ തീരുമാനിച്ചു. ബാറുകളുടെ ലൈസൻസ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി ഉയർത്തും. ബ്രൂവറി ടൈ-അപ്പ് ഫീസിലും വർദ്ധനവ് വരും. ക്ലബുകളുടെ വാർഷിക ലൈസൻസ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യും. സർക്കാർ വന്നതിന് ശേഷം നിലവിൽ ഷാപ്പ് ലൈസൻസ് പുതുക്കി നൽകുകയായിരുന്നു ചെയ്തിരുന്നത്. ടോഡി ബോർഡ് നിലവിൽ വരുന്നതുവരെ കള്ള് ഷാപ്പുകൾ ലേലം ചെയ്യും.
2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന നല്‍കും. കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിയമ വിധേയമാക്കും. നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും. കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുന്നതിനാലാണ് മദ്യ നയത്തിലെ ഈ തീരുമാനം. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും.