തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയായ ഫസ്റ്റ് ബെല്ലിന്‍റെ രണ്ടാം ഘട്ട ക്ലാസുകൾ ഇന്ന് ആരംഭിക്കും. രണ്ടാഴ്‌ചത്തെ പരീക്ഷണ ക്ലാസുകൾക്ക് ശേഷമാണ് അടുത്ത ഘട്ടം ക്ലാസുകൾ ആരംഭിക്കുന്നത്. ഇതുവരെ തുടരുന്ന അതേ സമയക്രമത്തിൽ തന്നെയാകും പുതിയ വിഷയങ്ങൾ അടങ്ങിയ ക്ലാസുകളും സംപ്രേഷണം ചെയ്യുക.
കേരളത്തിൽ ഓൺലൈൻ ക്ലാസുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ - victers channel
രണ്ടാഴ്‌ചത്തെ പരീക്ഷണ ക്ലാസുകൾക്ക് ശേഷമാണ് അടുത്ത ഘട്ടം ക്ലാസുകൾ ആരംഭിക്കുന്നത്. ഇതുവരെ തുടരുന്ന അതേ സമയക്രമത്തിൽ തന്നെയാകും പുതിയ വിഷയങ്ങൾ അടങ്ങിയ ക്ലാസുകളും സംപ്രേഷണം ചെയ്യുക
ജൂൺ ഒന്നിന് ഓൺലൈൻ വഴിയും വിക്ടേഴ്‌സ് ചാനൽ വഴിയും ക്ലാസുകൾ ആരംഭിച്ചപ്പോൾ നിരവധി കുട്ടികൾക്ക് ക്ലാസുകൾ കാണാൻ സാധിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ക്ലാസുകൾ കാണാൻ കഴിയാത്ത വിഷമത്തിൽ ദേവിക എന്ന വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാർ ക്ലാസുകളുടെ ട്രയൽ ഒരു ആഴ്‌ച കൂടി നീട്ടാൻ നിർദേശിച്ചു. ഒപ്പം മുഴുവൻ കുട്ടികൾക്കും സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടുള്ള ക്ലാസുകൾ കാണാൻ ആവശ്യമായ നടപടികളും സ്വീകരിച്ചു.
ടിവി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിരുന്നു. നിരവധി സംഘടനകളുടെ സഹായം വഴി പരമാവധി പേർക്ക് ഈ സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞു എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തൽ. ഇനി 2800 കുട്ടികൾക്ക് കൂടി സൗകര്യം ഒരുക്കണം. ഇതിനുള്ള പ്രവർത്തനത്തിലാണ് വകുപ്പ്. ആദ്യ രണ്ടാഴ്‌ച നടത്തിയ ട്രയലിൽ ലഭിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ ക്ലാസുകൾ ആരംഭിക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് സഹായകമാകുന്ന വിധത്തിൽ ഇംഗ്ലീഷ് വാക്കുകൾ എഴുതി കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും സൗകര്യം ഒരുക്കിയതായി കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള പത്ത്, പ്ലസ് ടു ക്ലാസുകളുടെ പുനസംപ്രേഷണവും അതത് ദിവസങ്ങളിൽ ഉണ്ടാകും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പുനസംപ്രേഷണം ശനി, ഞായർ ദിവസങ്ങളിലാണ്. തമിഴ്, കന്നട മീഡിയം ക്ലാസുകളും തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്നുണ്ട്. തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd എന്ന ലിങ്കിലും, കന്നട മീഡിയം ക്ലാസുകൾ youtube.com/KITEkasargode എന്ന ലിങ്കിലും ലഭ്യമാകും. അറബി, സംസ്‌കൃതം മീഡിയം ക്ലാസുകളും ഉടന്‍ ആരംഭിക്കും.