തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സർക്കാരിന് എതിരെ പിടിമുറുക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കിഫ്ബി ഓഡിറ്റ് സംബന്ധിച്ച വിഷയം സബ്‌മിഷനായി ഇന്ന് സഭയിൽ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഇതേ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്നായിരുന്നു മന്ത്രി തോമസ് ഐസക് മറുപടി നൽകിയത്. എന്നാൽ അതിനു ശേഷവും സിഎജി ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതിയെന്നും ചട്ടം 22 അനുസരിച്ചുള്ള ഓഡിറ്റിങ്ങിനായി നാല് തവണ സി.എ.ജി കത്ത് അയച്ചിട്ടും എന്തുകൊണ്ട് ഓഡിറ്റിങ്ങിന് സമ്മതിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
കിഫ്ബിയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം - kifbi updates
കിഫ്ബി യിൽ സി.എ.ജി ഓഡിറ്റ് നിഷേധിക്കുന്നത് സബ്‌മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി പറഞ്ഞതിന് ശേഷവും സി.എ.ജി വീണ്ടും കത്ത് നൽകിയെന്നും രമേശ് ചെന്നിത്തല.
നിയമസഭയടക്കം ആരുടേയും ഉത്തരവാദിത്വമില്ലാതെയാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ നിയമസഭ പാസ്സാക്കിയ നിയപ്രകാരമുള്ള രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്റ്റാറ്റ്യുറ്ററി ഓഡിറ്റിനേക്കാൾ സമഗ്രമായതാണ് 14 (1) പ്രകാരമുള്ള ഓഡിറ്റെന്നും അത് തുടരണമെന്നാണ് സർക്കാർ നിലപാടെന്നും തോമസ് ഐസക് വിശദീകരിച്ചു. എന്നാൽ മന്ത്രിയുടെ മറുപടിയിൽ അവ്യക്തത നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.