തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സംബന്ധിച്ചുള്ള മുന്നറിയിപ്പുകളിൽ മാറ്റം. രണ്ട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. എന്നാൽ സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന മുന്നറിയിപ്പിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം മാറ്റം വരുത്തിയിട്ടില്ല. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് പിൻവലിച്ചത്. നിലവിൽ കണ്ണൂർ ജില്ലയിൽ മാത്രമാണ് ഓറഞ്ച് അലർട്ടുള്ളത്. ഇവിടെ 115 മുതൽ 204 മില്ലീമീറ്റർ മഴ വരെ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
രണ്ട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു - തിരുവനന്തപുരം
കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് പിൻവലിച്ചത്
കേരളത്തിലെ കടൽത്തീരങ്ങൾ പ്രക്ഷുബ്ദമാകുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്ര തീരത്ത് കര തൊട്ടു. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് ആയിരിക്കും നൂറ് കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിക്കുക. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ കടുക്കുന്നത്.