തിരുവനന്തപുരം: പതിമൂന്നു ദിവസമായിട്ടും അണയാതെ തുടരുന്ന ബ്രഹ്മപുരത്തെ തീപിടിത്തം അടിയന്തര പ്രമേയ വിഷയമാക്കി നിയമസഭയിലും പ്രതിപക്ഷം തീ പകര്‍ന്നു. കമ്പനിയെയും കരാര്‍ നല്‍കിയതിനെയും ന്യായികരിക്കാന്‍ ശ്രമിച്ച തദ്ദേശമന്ത്രി എം ബി രാജേഷും അതേ നാണയത്തില്‍ അതിനു കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയ പ്രതിപക്ഷ നേതാവും സഭയിൽ പരസ്‌പരം വാക് പോരുയര്‍ത്തി. പ്രതിപക്ഷനേതാവ് പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ മൈക്ക് ഓഫാക്കി മന്ത്രി എം ബി രാജേഷിന് മൈക്ക് നല്‍കിയ സ്‌പീക്കറുടെ നടപടിയില്‍ പ്രകോപിതരായ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി.
കൊച്ചിയിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിച്ച് മരണം മുന്നില്‍കാണുന്ന ഈ പ്രശ്‌നത്തിനു പിന്നില്‍ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനം ഉണ്ടെന്നും ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ നടപടികള്‍ ബഹിഷ്‌കരിച്ചു. എറണാകുളം എംഎല്‍എ ടി ജെ വിനോദ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസിനു മറുപടി നല്‍കിയ എം ബി രാജേഷ് ബ്രഹ്മപുരത്ത് പ്രശ്‌നമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി പഴി മാധ്യമങ്ങള്‍ക്കുമേല്‍ കെട്ടി വയ്ക്കാനാണ് ശ്രമിച്ചത്.
സോൺടയെ ന്യായീകരിക്കാൻ മന്ത്രി: മാത്രമല്ല, ആരോപണ വിധേയമായി നില്‍ക്കുന്ന കരാര്‍ കമ്പനിയായ സോണ്‍ടയെ ശക്തമായി ന്യായീകരിക്കാൻ മന്ത്രി ശ്രമിച്ചതായും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷവും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നതു പോലെ സോണ്‍ട വ്യാജ കമ്പനിയോ കടലാസു കമ്പനിയോ അല്ലെന്നു സമര്‍ത്ഥിക്കാന്‍ മന്ത്രി ആദ്യം പോയത് കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലെ ജോധ്‌പൂര്‍ നഗരസഭയിലേക്കാണ്. അവിടെ മാലിന്യ നീക്കത്തിന്‍റെ കരാര്‍ സോണ്‍ടയയ്‌ക്കാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ മറ്റൊരു കോണ്‍ഗ്രസ് സംസ്ഥാനമായ ഛത്തീസ്‌ഗഡിലെ റായ്‌പൂര്‍ മുന്‍സിപ്പാലിറ്റിയിലും മാലിന്യ കരാര്‍ സോണ്‍ടയ്‌ക്കാണെന്ന് അവകാശപ്പെട്ടത് വന്‍ പ്രതിപക്ഷ പ്രതിഷേധമായി. പിന്നീട് അവിടെയാണ് കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം നടന്നതെന്ന് മന്ത്രി പ്രതിപക്ഷ നിരയെ നോക്കി പറഞ്ഞു.