തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദം പ്രോത്സാഹിപ്പിക്കാനായി അന്താരാഷ്‌ട്ര ആയുര്‍വേദ അംബാസഡര്‍മാരുടെ ബിസിനസ് കൂടിക്കാഴ്‌ച. ഓഗസ്റ്റ് 24 മുതല്‍ ബിസിനസ് മീറ്റുകള്‍ക്ക് തുടക്കമാകും. 30 രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സംഘമാണ് കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കുന്നത്. അന്താരാഷ്‌ട്ര ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ബ്ലോഗര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് സംഘം. കേന്ദ്ര-സംസ്ഥാന വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടുകൂടിയാണ് അന്താരാഷ്‌ട്ര ആയുര്‍വേദ അംബാസഡര്‍മാരുടെ ബിസിനസ് കൂടിക്കാഴ്‌ച സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് ആയുര്‍വേദം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
30 രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സംഘം ബിസിനസ് മീറ്റുകളിൽ പങ്കെടുക്കും.
ഈ മാസം ഇരുപത്തിനാലിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സംഘം കോഴിക്കോട്, കോട്ടയ്ക്കല്‍, ചെറുതുരുത്തി, എറണാകുളം, കുമരകം,കൊല്ലം, തിരുവനന്തപുരം എന്നീ സഥലങ്ങള്‍ സന്ദര്‍ശിക്കും. 12 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ആറ് ബിസിനസ് മീറ്റുകളാണ് നടക്കുക. 120 ല്‍ അധികം അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 രാജ്യങ്ങളില്‍ നിന്നുള്ള 45 പ്രതിനിധികളാണ് സംഘത്തിലുള്ളത്. കേരളത്തിന്‍റെ തനതായ ആയുര്‍വേദരീതി പരിചയപ്പെടുത്തി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.