തിരുവനന്തപുരം: മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ഇടപാടുകള്‍ ഇ.ഡി. അന്വേഷിക്കണമെന്ന മുന്‍ മന്ത്രി കെ.ടി. ജലീലീന്‍റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ടി. ജലീലിനെ മുന്‍പ് ഇ.ഡി ചോദ്യം ചെയ്തതാണെന്നും അതിനാല്‍ ജലീലിന് ഇ.ഡിയില്‍ കൂടുതല്‍ വിശ്വാസം വന്നിട്ടുണ്ടെന്നും പരിഹസിച്ചു കൊണ്ടായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു തുടങ്ങിയത്.
സഹകരണ മേഖല ഇ.ഡി. കൈകാര്യം ചെയ്യുന്ന വകുപ്പല്ല
സാധാരണ നിലയ്ക്ക് ഇത്തരം ഒരാവശ്യം ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. സഹകരണ മേഖല ഇ.ഡി. കൈകാര്യം ചെയ്യുന്ന വകുപ്പല്ല. സഹകരണ സംഘങ്ങളിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്ത് സംവിധാനമുണ്ട്.
എ.ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചെങ്കിലും കോടതി സ്‌റ്റേയുള്ളതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാനായില്ല. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സഹകരണ വകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടാകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇഡി അന്വേഷണം, കെടി ജലീലിനെ തള്ളി പിണറായി മുൻ മന്ത്രിയെ തള്ളി മുഖ്യമന്ത്രി
മലപ്പുറം എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടി രൂപയുടെ ദേശ ദ്രോഹ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയെന്നും ഇതിന്‍റെ പിന്നില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്നും കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കെടി ജലീല്‍ ആരോപിച്ചിരുന്നു.
ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി. അന്വേഷണം വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍പ് തന്‍റെ മന്ത്രിസഭയിലുണ്ടായിരുന്ന ജലീലിന്‍റെ ആവശ്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യോടെ തള്ളിയതെന്നതാണ് ശ്രദ്ധേയം.