തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ 2021 ജനുവരി മുതൽ തുറക്കാൻ കഴിയുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലത്തിനു ശേഷം വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി സർക്കാർ വരവേൽക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന 49 സർക്കാർ സ്‌കൂളുകളിൽ നിർമിക്കുന്ന കെട്ടിടങ്ങൾ 100 ദിവസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂൾ കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കും. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ അടുത്ത വർഷം തുറക്കാൻ കഴിഞ്ഞേക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ് കാലത്തിനു ശേഷം വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി സർക്കാർ വരവേൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തുറക്കുന്ന സമയത്ത് 11,400 സ്‌കൂളുകളിൽ ഹെൽത്ത്- കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കും. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയായ വിദ്യാ ശ്രീ പദ്ധതിയും 100 ദിവസത്തിനുള്ളിൽ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലും 100 ദിവസത്തിനുള്ളിൽ നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ- എയ്‌ഡഡ് കോളജുകളിൽ 150 പുതിയ കോഴ്‌സുകൾ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകൾ സെപ്റ്റംബർ 15 ന് പ്രഖ്യാപിക്കും. 126 കോടി രൂപ മുതൽമുടക്കിൽ 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങൾ പൂർത്തിയാക്കും. എപിജെ അബ്‌ദുല്‍ കലാം സർവകലാശാല, മലയാളം സർവകലാശാല എന്നിവയ്ക്ക് സ്ഥിരം ക്യാമ്പസിനുള്ളിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.