തിരുവനന്തപുരം:സിപിഎമ്മിനെ വിമർശിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. കരുനാഗപ്പള്ളിയിൽ നിരോധിത ലഹരി മരുന്നു കടത്ത് കേസിലെ പ്രതികളുടെ സിപിഎം ബന്ധം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴാണ് പ്രതിപക്ഷത്തിനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പ്രതികരിച്ചത്. നോട്ടീസ് അവതരിപ്പിച്ച മാത്യു കുഴൽനാടൻ സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്.
കരുനാഗപ്പള്ളി ലഹരി കേസ് മുതൽ സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസുകൾ മാത്യു കുഴൽനാടൻ എണ്ണി പറഞ്ഞു. സിപിഎമ്മിന്‍റെ ഗൃഹസന്ദർശനം രാത്രി 10 മണിക്ക് ശേഷമാണെന്നും മണിച്ചന്‍റെ മാസപ്പടി ഡയറിയിലെ സിപിഎം ബന്ധവും മാത്യു ഉന്നയിച്ചു. ഒരു കൂട്ടം സിപിഎം നേതാക്കൾ ചവിട്ടുപടിയായി കയറുന്നത് ലഹരി പണത്തിലാണ്.
കരുനാഗപ്പള്ളി ലഹരി കേസിൽ ആരോപണ വിധേയമായ ആലപ്പുഴയിലെ സിപിഎം കൗൺസിലറെ രക്ഷിക്കാനുള്ള സജി ചെറിയാൻ്റെ ശ്രമം യജമാനന്‍റെ വെപ്രാളം ആണെന്നും മാത്യു ആരോപിച്ചു. ഇതോടെയാണ് ക്ഷുഭിതനായി മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം പ്രസ്ഥാനത്തെക്കുറിച്ച് എന്ത് അസംബന്ധവും പറയാം എന്ന് കരുതരുത്. എന്തും വിളിച്ചു പറയുന്ന ആളിനെ പ്രതിപക്ഷം ചുമതലപ്പെടുത്തിയതാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്തും പറയുന്ന രീതി സഭയിൽ സ്വീകരിക്കുന്നത് നല്ലതല്ല. അതിരുകൾ ഭേദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താനാണ് മാത്യു കുഴൽനാടനെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ ഏൽപ്പിച്ചത് എന്ന് വി ഡി സതീശൻ മറുപടി നൽകി. വ്യക്തമായ തെളിവുകളോടെയാണ് മാത്യു കുഴൽനടാൻ നോട്ടീസ് അവതരിപ്പിച്ചത്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.