തിരുവനന്തപുരം: താന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് വസ്‌ത്രത്തിനും മാസ്‌ക്കിനും വിലക്കെന്നത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രന്ഥശാല പ്രവര്‍ത്തക സംസ്ഥാന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒരു നിറത്തിനും വിലക്കില്ലെന്നും എല്ലാവര്‍ക്കും ഇഷ്‌ടമുള്ള കളറുകളിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുട്ടിന് താഴെ മുണ്ടുടുക്കാനും മാറ് മാറക്കാനും അവകാശമില്ലാത്ത കേരളത്തില്‍ അതിനായി പല പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. അത്തരം പോരാട്ടങ്ങളുടെ ഭാഗമായാണ് നമ്മുടെ നാട് മാറിയതെന്നും വസ്‌ത്ര ധാരണ അവകാശത്തെ ഹനിക്കുന്ന ഒരു പ്രശ്‌നമേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിക്ഷിപ്‌ത താത്‌പര്യമുള്ള ചിലര്‍ വഴി നടക്കാനും വസ്‌ത്ര ധാരണത്തിനുമുള്ള അവകാശം തടയുകയാണെന്ന് പറയുന്ന കൊടുമ്പിരിക്കൊണ്ട പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ലെന്നും ആരുടെയും വഴി തടഞ്ഞ് കൊണ്ട് തനിക്ക് സുരക്ഷയൊരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.