തിരുവനന്തപുരം: ഇന്ത്യയ്ക്ക് രണ്ട് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ബി.ജെപി മോശം പാര്‍ട്ടിയാണെന്ന് കരുതുന്നില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ഇന്ത്യന്‍ ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ആര്‍.എസ്.എസ്. തന്‍റെ സസ്‌പെന്‍ഷനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കില്ല. അന്നത്തെ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമാണ് ഇതിനു പിന്നിലെന്നും ഇനി സിവില്‍ സര്‍വ്വീസിലേക്ക് മടക്കമില്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ ജേക്കബ് തോമസ് പറഞ്ഞു.
ബി.ജെപി മോശം പാര്‍ട്ടിയാണെന്ന് കരുതുന്നില്ല; ഡി.ജി.പി ജേക്കബ് തോമസ് - jacob thomas
ആര്‍.എസ്.എസ് ഭാരതീയ സംസ്‌കാരം മുറുകെ പിടിക്കുന്ന ഒരു സന്നദ്ധ സംഘടനയെന്ന് ജേക്കബ് തോമസ്
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ സിവില്‍ സര്‍വ്വീസില്‍ നിന്ന് സ്വതന്ത്രമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അകത്തേക്കോ പുറത്തേക്കോ പോകാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതു കൊണ്ടാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. തന്‍റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് ആഗ്രഹമെന്ന് ജേക്കബ് തോമസ് പറഞ്ഞു. പുസ്തകമെഴുത്ത്, അദ്ധ്യാപനം എന്നിവയിലാണ് താത്പര്യം. രാഷ്ട്രീയം ആകര്‍ഷണീയമായ ഒരു തൊഴിലല്ലാതിരുന്നതിനാലാണ് സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇന്ന് അത് ആകര്‍ഷണീയമായ ഒരു തൊഴിലായി മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്കു പോലും ഉയര്‍ന്ന ശമ്പളവും ഉയര്‍ന്ന പദവിയും ഉള്ള ജോലികള്‍ ലഭിക്കുന്ന കാലമാണിത്.
രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് ജേക്കബ് തോമസിന്‍റെ മറുപടി ഇതായിരുന്നു. ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ സീറോ ടോളറന്‍സ് കറപ്ഷന്‍ പദ്ധതി ആരംഭിച്ചു. ഇതോടെയാണ് താന്‍ മറ്റുള്ളവരുടെ കണ്ണില്‍ തത്തയായത്. പിന്നീട് തന്നെ പലരും കൂട്ടിലടച്ച തത്ത എന്നു വിളിച്ചു. എന്നാല്‍ ഇന്ന് കൂട്ടിലടച്ച തത്തയെങ്കിലുമുണ്ടോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. ജയ് ശ്രീറാം വിളിക്കുന്നത് ശ്രീരാമന്‍ എന്ന മഹാപുരുഷനെ ഓര്‍മ്മിപ്പിക്കലാണ്. അത് ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നതാണെങ്കില്‍ താനും ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ആര്‍.എസ്.എസ് ഭാരതീയ സംസ്‌കാരം മുറുകെ പിടിക്കുന്ന ഒരു സന്നദ്ധ സംഘടനയാണെന്നും ആത്യന്തികമായി താനും ഒരു ഭാരതീയനാണെന്നും ജേക്കബ് തോമസ് പറഞ്ഞു.