തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ആഴ്‌ചയിൽ ആറ് ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ അനിശ്ചിതകാല പണിമുടക്ക്. കോൺഗ്രസ് അനുകൂല സംഘടന ടിഡിഎഫാണ് പണിമുടക്കുന്നത്. നാളെ(ഒക്‌ടോബര്‍ 1) മുതലാണ് സിംഗിൾ ഡ്യൂട്ടി പ്രാബല്യത്തിൽ വരുന്നത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമായിരിക്കും മാറ്റം.
കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; നാളെ മുതൽ ടിഡിഎഫ് പണിമുടക്ക്
നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെയാണ് ടിഡിഎഫ് പണിമുടക്കുന്നത്. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിഷയത്തിൽ മാനേജ്‌മെന്‍റുമായി രണ്ടുതവണ ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ടിഡിഎഫ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ മാനേജ്‌മെന്‍റിന് വാശിയാണെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം. വിൻസന്‍റ് എംഎൽഎ പറഞ്ഞു. നേരത്തെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, കാട്ടാക്കട എന്നീ എട്ട് ഡിപ്പോകളിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രം നടത്താൻ മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു.
ഷെഡ്യൂൾ തയ്യാറാക്കിയതിൽ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. ഇത് സിഐടിയു അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസും വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.