കേരളം

kerala

ETV Bharat / state

'സുരേഷ് ഗോപിയെ ഒഴിവാക്കിയത് മുതൽ പപ്പുയാദവിന്‍റെ തോക്ക് വരെ': ഓർമയില്‍ ഇന്നസെന്‍റ് - പപ്പുയാദവ്

തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ പൊല്ലാപ്പാകുമെന്ന് കണ്ട് നൈസായി ഒഴിവാക്കിയ ഇന്നസെന്‍റ് കൗശലം, പാര്‍ലമെന്‍റിലെ അടുത്ത സീറ്റുകാരനായ പപ്പുയാദവ് കൊലയാളിയെന്നറിഞ്ഞപ്പോള്‍ വെടികൊള്ളാതിരക്കാന്‍ പരിചയം സ്ഥാപിച്ചത് വരെയുണ്ട് ഇന്നസെന്‍റ് കഥകൾ.

Suresh Gopis of Memories of Innocent  innocent  loksabha  innocent death  malayalam film  innocent funeral  updates  ഓർമകളിൽ ഇന്നസെന്‍റ്  ഇന്നസെന്‍റ്  സുരേഷ് ഗോപി  പപ്പുയാദവ്  ഈ ലോകം അതിലൊരു ഇന്നസെന്‍റ്
Suresh Gopi's of Memories of Innocent

By

Published : Mar 27, 2023, 3:18 PM IST

തിരുവനന്തപുരം: 2014 ല്‍ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്നസെന്‍റ് മത്സരിക്കുന്നു. ഇന്നസെന്‍റിനായി വോട്ടു പിടിക്കാന്‍ സിനിമ താരങ്ങളും രാഷ്ട്രീയക്കാരും ചാലക്കുടിയില്‍. മോഹന്‍ലാല്‍, മധു തുടങ്ങിയ മുന്‍ നിര നായകരുടെ പ്രവാഹം. ആരെയും ക്ഷണിച്ചു വരുത്തിയതല്ല, ഇന്നസെന്‍റിനോടുള്ള സ്‌നേഹം കൊണ്ട് സ്വമേധയാ എത്തിയവരായിരുന്നു എല്ലാവരും.

ഒരു ദിവസം രാവിലെ ഇടവേള ബാബു വിളിച്ച് സുരേഷ് ഗോപി വരുന്നുണ്ടെന്ന് അറിയിച്ചു. ഞാന്‍ വിളിച്ചിട്ട് വന്നതാണെന്ന് ഇടവേള ബാബു പറഞ്ഞു. അങ്ങനെ രാവിലെ അങ്കമാലിയിലേക്ക് സുരേഷ് ഗോപിയും നടന്‍ സിദ്ദിഖുമെത്തി. സുരേഷ് ഗോപി അന്ന് ബിജെപിക്കാരനായിട്ടില്ല. അതുവരെ പ്രചാരണത്തിന് ചെല്ലുന്നിടത്തെല്ലാം ആളുകള്‍ കൂട്ടം കൂടുകയും ഇന്നസെന്‍റിന്‍റെ കൈ പിടിക്കാന്‍ ആളുകളുടെ ബഹളം കൂട്ടുകയും ചെയ്യുമായിരുന്നു.

എന്നാല്‍ സുരേഷ് ഗോപിക്കൊപ്പം പ്രചാരണത്തിനു ചെന്ന ദിവസം ആളുകള്‍ ഇന്നസെന്‍റിനെ മൈന്‍ഡ് ചെയ്യുന്നേയില്ല. സുരേഷേട്ടാ, സുരേഷേട്ടാ എന്നു പറഞ്ഞ് ആളുകള്‍ സുരേഷ് ഗോപിയെ തൊടാനും കാണാനുമാണ് ആവേശം കാണിക്കുന്നത്. ആര്‍ക്കും ഇന്നസെന്‍റിനെ വേണ്ട, സുരേഷ് ഗോപിയെ മതി. റോഡ് ഷോയുമായി അന്ന് പോയ രണ്ടിടങ്ങളിലും ഇതായിരുന്നു അനുഭവം.

അപ്പോഴാണ് ഇന്നസെന്‍റിന് ഒരു കാര്യം മനസിലായത്, നമ്മളേക്കാള്‍ മാറ്റുള്ള സുന്ദരനായിട്ടുള്ള ആളുകളെ പ്രചാരണത്തിന് കൊണ്ടു നടക്കാന്‍ പാടില്ല. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെ പറഞ്ഞു വിടും എന്നായി ഇന്നസെന്‍റിന്‍റെ ചിന്ത. അതിനിടെ മറ്റൊരു സംഭവം കൂടി ഉണ്ടായതോടെ സുരേഷ്‌ഗോപിയെ എത്രയും വേഗം പറഞ്ഞയക്കണം എന്ന ചിന്ത കൂടുതല്‍ ദൃഢമായി.

പ്രസംഗിക്കാന്‍ അവസരം കിട്ടുമ്പോഴൊക്കെ സുരേഷ് ഗോപി കോണ്‍ഗ്രസിനെ നല്ല ഉഗ്രന്‍ ചീത്ത വിളിക്കുകയാണ്. ' ഇപ്പോള്‍ എന്താണ് കോണ്‍ഗ്രസില്‍ നടക്കുന്നത്, ഇപ്പോഴൊരു ചെറുക്കന്‍ രാഹുല്‍ഗാന്ധി, അതിനു മുന്‍പ് അവന്‍റെ അമ്മ സോണിയാഗാന്ധി, ഈ കുടുംബം എത്രകാലമായി തുടങ്ങിയിട്ട്' തുടങ്ങിയ വാചകങ്ങൾ പറഞ്ഞ് സുരേഷ് ഗോപി നെഹ്‌റു കുടുംബത്തെ കടന്നാക്രമിക്കുകയാണ്. അതു കൂടിയായതോടെ ഇന്നസെന്‍റ് ഒന്നുറപ്പിച്ചു. ഈ പ്രസംഗം കേട്ടവര്‍ക്ക് കോണ്‍ഗ്രസിനോട് സഹതാപം തോന്നുകയും അവര്‍ക്ക് വോട്ടിടാം എന്നു തീരുമാനിക്കുകയും ചെയ്യും.

എങ്ങനെയും ഉച്ചയ്ക്കു തന്നെ സുരേഷ്‌ഗോപിയെ പറഞ്ഞു വിടണം എന്ന് ഇന്നസെന്‍റ് ഉറപ്പിച്ചു കഴിഞ്ഞു. അടുത്തു നിന്ന സിദ്ദിഖിനോട് നിങ്ങള്‍ എപ്പോഴാണ് മടങ്ങുന്നതെന്ന് അന്വേഷിച്ചപ്പോള്‍ വൈകുന്നേരം വരെ ഞങ്ങളുണ്ടാകും എന്ന മറുപടിയാണ് ലഭിച്ചത്. വേണ്ട പെട്ടെന്ന് സുരേഷ് ഗോപിയെയും കൂട്ടി വിട്ടോ എന്നായി ഇന്നസെന്‍റ്. സുരേഷ് ഗോപി വന്നിട്ട് മുഴുവന്‍ ദിവസവും ഉപയോഗിക്കാതെ വിടണോ എന്ന് സിദ്ദിഖ് ചോദിച്ചെങ്കിലും നിങ്ങള്‍ വിട്ടോളൂ എന്ന് ഇന്നസെന്‍റ് മറുപടി നല്‍കി.

അങ്ങനെ ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയായി. 'ഇന്നസെന്‍റ് ചേട്ടാ ഞാന്‍ ഭക്ഷണം കഴിച്ച് ഫ്രഷ് ആയി പെട്ടെന്നു തന്നെ വരാം. ഉച്ചയ്ക്കു ശേഷം നമുക്ക് തകര്‍ക്കണം' സുരേഷ് ഗോപി ആവേശഭരിതനായി ഇന്നസെന്‍റിനോട് പറഞ്ഞു. ' വേണ്ടെടാ ഇന്നിനി പ്രചാരണം ഇല്ല. വേറെ പരിപാടികളാ. നിങ്ങള്‍ തിരിച്ചു പൊയ്‌ക്കോളൂ'-ഇന്നസെന്‍റ് ലളിതമായി കാര്യം പറഞ്ഞു.' അയ്യോ എന്നാ ഇനി എന്നാണ് വരേണ്ടതെന്ന് ചേട്ടന്‍ പറഞ്ഞാല്‍ മതി ഞങ്ങള്‍ വേറൊരു ദിവസം കൂടി വരാം' സുരേഷ് ഗോപി വിടുന്ന ലക്ഷണമില്ല.' ഏയ് വേണമെന്നില്ലെടാ, വന്നതില്‍ സന്തോഷം'-ചിരിച്ചു കൊണ്ട് ഇന്നസെന്‍റ് പറഞ്ഞു. സുരേഷ് ഗോപിയും സിദ്ദിഖും തിരികെ പോയി. സുരേഷ് ഗോപി ചെയ്‌തത് തന്നോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണെങ്കിലും അത് ഇന്നസെന്‍റ് എന്ന സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയാകുമെന്ന് സുരേഷ് ഗോപിക്കറിയില്ലായിരുന്നു. അങ്ങനെ സുരേഷ് ഗോപിയെ ഇന്നസെന്‍റ് തന്ത്രത്തിൽ ഒഴിവാക്കി.

പപ്പുയാദവിൽ നിന്ന് രക്ഷപെട്ട കഥ:എം.പിയായ ഇന്നസെന്‍റിന്‍റെ ലോക്‌സഭയിലെ ഇരിപ്പിടത്തിനു തൊട്ടു പിന്നിലിരുന്നത് ബിഹാറില്‍ നിന്നുള്ള എംപിയും കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പപ്പുയാദവായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ രഞ്ജിത് രഞ്ജന്‍ കോണ്‍ഗ്രസിന്‍റെ എംപിയായി ലോക്‌സഭയിലുണ്ടായിരുന്നു. ബുള്ളറ്റിലാണ് രഞ്ജിത് രഞ്ജന്‍ പാര്‍ലമെന്‍റിലെത്തിയിരുന്നത്. ഇത് കാരണം അവരെ ഒന്നു പരിചയപ്പെടണം എന്ന ആഗ്രഹം ഇന്നസെന്‍റിനുണ്ടായിരുന്നു. അങ്ങനെ അവരുമായി പരിചയത്തിലായി.

താന്‍ സിനിമ നടനാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് അല്‍പം ബഹുമാനം കൂടിയോ എന്നൊരു സശയം ഇന്നസെന്‍റിനുണ്ടായിരുന്നു. ഒരു ദിവസം അവരുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആലത്തൂര്‍ എം.പി പികെ.ബിജുവും ഒപ്പമുണ്ടായിരുന്നു. ഇത് കണ്ട ബിജു ഇന്നസെന്‍റിന് പുറകിലിരിക്കുന്ന എംപിയെ അറിയുമോ എന്നു ചോദിച്ചു. അറിയില്ലെന്നു പറഞ്ഞപ്പോള്‍ അത് പപ്പു യാദവ് ആണെന്നു പറഞ്ഞത് ബിജുവാണ്. അദ്ദേഹത്തിന്‍റെ ഭാര്യയോടാണ് താങ്കള്‍ സംസാരിച്ചതെന്നും ബിജു പറഞ്ഞു.

ഒപ്പം ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ബിജു ഇന്നസെന്റിനോട് പങ്കു വച്ചു. ബിഹാറില്‍ സിപിഎം നേതാവായ ചന്ദ്രശേഖര്‍ പ്രസാദിനെ ഒറ്റവെടിക്കു തീര്‍ത്ത ആളാണ്, കയ്യില്‍ എപ്പോഴും തോക്കുമുണ്ടാകും. തലയിലൂടെ കുറെ കിളികള്‍ പറന്നു പോകുന്നതായി ഇന്നസെന്‍റിനു തോന്നി. എങ്ങനെയെങ്കിലും ഇരിപ്പിടം മാറുന്നതിനെ കുറിച്ചായി പിന്നെ ഇന്നസെന്‍റിന്‍റെ ചിന്ത. പക്ഷേ ലോക്‌സഭയില്‍ ഒരിക്കല്‍ ഇരിപ്പിടം അനുവദിച്ചു കഴിഞ്ഞാല്‍ പിന്നെ മാറാന്‍കഴിയില്ല. മുന്‍പ് വെടിവച്ചിട്ടുണ്ടെന്നു പറഞ്ഞ് ഇപ്പോള്‍ അങ്ങനെ ആകണമമെന്നില്ലെന്ന് തൃശൂര്‍ എം പി സിഎന്‍ ജയദേവന്‍ പറഞ്ഞെങ്കിലും വിശ്വാസമായില്ല. എങ്ങനെയും പപ്പുയാദവുമായി സൗഹൃദം സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ പപ്പുയാദവുമായി സൗഹൃദം സ്ഥാപിച്ച് ഇന്നസെന്‍റ് വെടി കൊള്ളാതെ രക്ഷപ്പെട്ടു.

('ഈ ലോകം അതിലൊരു ഇന്നസെന്‍റ് ' എന്ന പുസ്‌തകത്തിൽ നിന്നാണ് പ്രസ്‌തുത ഭാഗങ്ങൾ. മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരണം)

ABOUT THE AUTHOR

...view details