കേരളം

kerala

യുവാക്കളിൽ ഹൃദ്രോഗ സാധ്യത വർധിക്കുന്നതായി ശ്രീചിത്ര പഠന റിപ്പോർട്ട്

By

Published : Oct 20, 2020, 12:02 PM IST

യുവാക്കൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു

ഹൃദ്രോഗ സാധ്യത  യുവാക്കളിൽ ഹൃദ്രോഗം  ശ്രീചിത്ര പഠന റിപ്പോർട്ട്  heart disease among young people  heart disease studies  sreechithra studies report
യുവാക്കളിൽ ഹൃദ്രോഗ സാധ്യത

തിരുവനന്തപുരം: മുപ്പത് വയസിൽ താഴെയുള്ളവരിൽ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 1978 മുതൽ 2017 വരെ ഹൃദ്രോഗ ലക്ഷണങ്ങളുമായി ആൻജിയോഗ്രാഫിക്ക് വിധേയരായ 159 പേരിലാണ് പഠനം നടത്തിയത്.

30 വയസിന് താഴെയുള്ള ഹൃദ്രോഗികളിൽ 64 ശതമാനം പുകവലിക്കുന്നവരായിരുന്നു. ഉയർന്ന കൊളസ്ട്രോൾ ഉണ്ടായിരുന്നവർ 88 ശതമാനം . 21 ശതമാനം പേർക്കാണ് മദ്യപാന ശീലമുണ്ടായിരുന്നത്. ഇവരെല്ലാവരും പുരുഷന്മാരാണ്. പഠനത്തിൽ പങ്കെടുത്ത 82 ശതമാനം പേർക്കും തീവ്രമായ ഹൃദയാഘാത ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നാലു ശതമാനം പേർക്ക് മാത്രമേ പ്രമേഹം ഉണ്ടായിരുന്നുള്ളൂവെന്നും പഠനത്തിൽ വ്യക്തമായി. 15 വയസുള്ള ആൺകുട്ടിയായിരുന്നു ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറ്റവും പ്രായം കുറഞ്ഞ രോഗി. ആദ്യം രോഗലക്ഷണം പ്രത്യക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടി ആൻജിയോഗ്രാം ചെയ്തതിനു ശേഷവും രോഗികളിൽ 34 ശതമാനം പേർ പുകവലി തുടർന്നു. മദ്യപാനം ഉപേക്ഷിക്കാതിരുന്നവർ 17 ശതമാനമാണ്. 79 ശതമാനം പേരും ആവശ്യത്തിന് പഴവും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

പകുതിയിലധികം പേരും വ്യായാമം ശീലമാക്കിയില്ല. ദീർഘകാല തുടർ ചികിത്സയിലാണ് ഇക്കാര്യങ്ങൾ ബോധ്യമായത്. 43 ശതമാനം പേർ കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ല. ആൻജിയോപ്ലാസ്റ്റിക്ക് വിധേയരായവരിൽ കൃത്യമായി മരുന്ന് കഴിക്കാതിരുന്നവർ മൂന്നിലൊന്നിൽ താഴെ ആയിരുന്നു. 5,10, 15, 20 വർഷങ്ങളിൽ രോഗത്തെ അതിജീവിച്ചവരുടെ ശതമാന നിരക്ക് യഥാക്രമം 84, 70, 58, 52 എന്നിങ്ങനെയാണ്. 30 വയസിൽ താഴെ ഹൃദ്രോഗ ബാധിതരാകുന്നവരിൽ 30 ശതമാനം പേർ 10 വർഷത്തിനിടിയിലും 48 ശതമാനം പേർ 20 വർഷത്തിനിടയിലും മരണത്തിന് കീഴടങ്ങുന്നു. കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇത് ആശങ്കയ്ക്കിടയാക്കുന്നുവെന്നും യുവാക്കൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ABOUT THE AUTHOR

...view details