തിരുവനന്തപുരം :ഇത് 'ബാംബി' ഇലക്‌ട്രിക് കാർ. രൂപം കണ്ട് ആരും നെറ്റി ചുളിക്കേണ്ട. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യയുടെ മികവുണ്ട് ബാംബിക്ക്. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിയാൽ അത് കണ്ടുപിടിച്ച് അലാറം മുഴക്കുന്ന 'ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്റ്റം', 'ബാറ്ററി തെർമൽ മാനേജ്മെൻ്റ് സിസ്റ്റം', മുള കൊണ്ടുണ്ടാക്കിയ ബോഡി എന്നിങ്ങനെയാണ് ഈ കുഞ്ഞൻ പ്രോട്ടോടൈപ്പ് ഇലക്‌ട്രിക് കാറിൻ്റെ പ്രത്യേകതകൾ.
ചുരുങ്ങിയ കാലയളവിൽ ബാംബി വാരിക്കൂട്ടിയത് നിരവധി അംഗീകാരങ്ങളാണ്. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ് ബാംബി വികസിപ്പിച്ചത് (Bambi Electric Car made by Engineering Students). കോളജിലെ 2019 - 2023 ബാച്ചിലെ ബിടെക് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം വിദ്യാർഥികളായ ജോഷ്വിൻ ടി രാജൻ (ടീം ലീഡർ), പ്രണവ് ബിനു ലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ്, യദുകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ 26 പേരടങ്ങുന്ന പ്രവേഗ എന്ന ടീമാണ് ബാംബിക്ക് പിന്നിൽ.
ബാറ്ററി തെർമൽ മാനേജ്മെൻ്റ് സിസ്റ്റം ആണ് ബാംബിയുടെ പ്രധാന സവിശേഷത. സാധാരണ വാഹനങ്ങളിൽ ബാറ്ററിയിൽ നിന്ന് പുറത്തുവരുന്ന താപം ഫാൻ ഉപയോഗിച്ചാണ് പുറത്തേക്ക് വിടുന്നത്. എന്നാൽ പ്രവേഗ ടീം വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയിലൂടെ ഫാനിന്‍റെ ഉപയോഗമില്ലാതെ തന്നെ താപം പുറന്തള്ളാൻ കഴിയും.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങി പോയാൽ ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന വെബ് ക്യാമറ വഴി അത് കണ്ടുപിടിച്ച് അലാറം മുഴക്കി അപകടം ഒഴിവാക്കുന്ന ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്റ്റമാണ് ബാംബിയുടെ മറ്റൊരു പ്രത്യേകത. കാറിൻ്റെ ഷാസി സ്റ്റീൽ ഉപയോഗിച്ചും ബോഡി ബാംബൂ ഫൈബർ ഉപയോഗിച്ചുമാണ് നിർമിച്ചിരിക്കുന്നത്.