തിരുവനന്തപുരം :ഹോസ്റ്റലില്‍ ഒപ്പം താമസിച്ച വിദ്യാർഥിനിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ സഹപാഠി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലാണ് സംഭവം. ആന്ധ്ര സ്വദേശിനിയായ ദീപികയ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ കോളജിലെ നാലാം വർഷ വിദ്യാർഥിനി ലോഹിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോഹിതയ്ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും എന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിലെടുത്ത ലോഹിതയും ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. പാൽ പാത്രം ചൂടാക്കിയാണ് ദീപികയെ ലോഹിത പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഹോസ്റ്റല്‍ മുറിയിലെ തർക്കവും പിണക്കവുമാണ് പൊള്ളല്‍ ഏല്‍പ്പിക്കാൻ കാരണമെന്നാണ് പരാതി. വിദ്യാർഥിനിയെ പൊള്ളലേൽപ്പിക്കുക മാത്രമല്ല മൊബൈൽ ചാർജർ ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും പരാതിയിൽ പറയുന്നു. മൂന്ന് ദിവസം മുൻപ് ഉണ്ടായ സംഭവം ഇന്നാണ് പുറംലോകമറിയുന്നത്.
സഹപാഠിയുടെ ആക്രമണത്തെത്തുടർന്ന് മുതുകില്‍ ഗുരുതരമായി പൊള്ളലേറ്റ ദീപിക തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെ 10 മണിക്ക് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം യാതൊരു പ്രകോപനവും കൂടാതെയാണ് ലോഹിത ദീപികയെ ആക്രമിച്ചതെന്നാണ് മറ്റ് വിദ്യാർഥികൾ പറയുന്നത്. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ കേരള സർവകലാശാല നാലംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും വിദ്യാർഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.
ബ്ലേഡ് കൊണ്ട് ആക്രമണം : കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാസർകോട് സഹപാഠിയുടെ ശരീരം ബ്ലേഡ് കൊണ്ട് വിദ്യാർഥി കീറി മുറിച്ചിരുന്നു. ഫാസിർ എന്ന 15കാരനാണ് പരിക്കേറ്റത്. ഫാസിർ തമാശയ്ക്ക് സഹപാഠിയെ ശല്യം ചെയ്യുകയും, ഇതിൽ പ്രകോപിതനായ സഹപാഠി ഫാസിറിനെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ക്ലാസിലെ മറ്റ് കുട്ടികളുടെ മൊഴി.