തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശങ്ങളിലുടനീളം ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 10 ദിവസത്തേക്ക് കര്‍ശന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലയുടെ വടക്കേ തീരമായ ഇടവ മുതല്‍ തെക്കേ തീരമായ പൊഴിയൂര്‍ വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഈ പ്രദേശത്ത് ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ നവ്‌ജ്യോത് ഖോസെ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളെ മൂന്ന് സോണുകളാക്കി തിരിച്ചാണ് ലോക്ക് ഡൗണ്‍.
തലസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ - corobna
ജില്ലയുടെ വടക്കേ തീരമായ ഇടവ മുതല്‍ തെക്കേ തീരമായ പൊഴിയൂര്‍ വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്
ഇടവ മുതല്‍ പെരുമാതുറവരെയുള്ള പ്രദേശങ്ങള്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടും. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലും വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍വരെ സോണ്‍ മൂന്നിലുമാണ് ഉള്‍പ്പെടുക. ഈ സ്ഥലങ്ങളില്‍ ഒരു തരത്തിലുള്ള സഞ്ചാരവും അനുവദിക്കില്ല. ഇക്കാര്യം പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. ഓരോ സോണിലേയും ലോക്ക് ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
സോണ്‍ ഒന്നില്‍ എസ് ഹരികിഷോര്‍, യുവി ജോസ് എന്നിവരും സോണ്‍ രണ്ടില്‍ എംജി രാജമാണിക്യം, പി ബാലകിരണ്‍ എന്നിവരെയാണ് നിയോഗിച്ചത്. അവശ്യ സാധനങ്ങളുമായുള്ള വാഹനങ്ങള്‍ക്ക് ഈ പ്രദേശത്ത് പ്രവേശിക്കുന്നതിന് രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണിവരെ അനുവാദമുണ്ടായിരിക്കും. റേഷന്‍ കടകളിലൂടെ ഈ പ്രദേശത്തുള്ളവര്‍ക്ക് അഞ്ച് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ധാന്യവും സൗജന്യമായി നല്‍കും. ഈ പരിധിക്ക് കീഴിലുള്ള മില്‍മ പ്ലാന്‍റിന് പ്രവര്‍ത്തനാനുമതിയുണ്ട്. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ആവശ്യത്തിന് പണം എടിഎമ്മുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.