തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കി. തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സാഹചര്യത്തിൽ കൊവിഡ് വ്യാപനം തീവ്രമായേക്കാം എന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
ഇന്നുമുതല്‍ പൊലീസ് പരിശോധന ശക്തമാക്കും. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിനായി കൂടുതൽ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. കൂടാതെ പുറത്തു നിന്നും സംസ്ഥാനത്ത് എത്തുന്നവർക്ക് ക്വാറന്‍റൈന്‍ നിർബന്ധമാക്കും. 7 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്.
പ്രായമായവരും കുട്ടികളും അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. പരമാവധി പേരിലേക്ക് വേഗത്തിൽ വാക്സിൻ എത്തിക്കാനുള്ള ശ്രമമാണ് നടത്തുക. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സേവനം ഉപയോഗിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവർ ആർടിപിസിആർ പരിശോധന നടത്തണം. പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെങ്കിലും ലക്ഷണം ഉള്ളവർ നിർബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഇന്നുമുതൽ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ വീടുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവര്‍ ഉണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണം.