തിരുവനന്തപുരം: സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവിനടക്കം ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് പരിശോധിക്കാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ശക്തമായ നടപടിക്ക് നിർദേശിച്ചത്. കേരളത്തിലെ മതനിരപേക്ഷതയും മത സാഹോദര്യവും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ചില കോണുകളിൽ നിന്നുണ്ടാകുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്‌തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.